താനെ: റോഡിലെ കുഴികളിലോ തുറന്നുകിടക്കുന്ന ആൾത്തുളകളിലോ വീണ് അപകടമുണ്ടായാൽ ഇരകൾക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ആറുലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് 50,000 രൂപ മുതൽ രണ്ടരലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകണം.(Mumbai High Court issues Rs 6 lakh compensation for death due to falling into potholes on road)
നഷ്ടപരിഹാരത്തുക കരാറുകാരിൽ നിന്ന് ഈടാക്കിയ പിഴയിൽ നിന്നോ അല്ലെങ്കിൽ അന്വേഷണത്തിന് ശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ, എൻജിനീയർ എന്നിവരിൽ നിന്നോ ഈടാക്കാനാണ് കോടതി നിർദ്ദേശം.
റോഡിൽ കുഴികൾ നികത്താതെ കിടക്കുക, ആൾത്തുളകൾ തുറന്നു കിടക്കുക തുടങ്ങിയ അശ്രദ്ധകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് ബന്ധപ്പെട്ട നഗരസഭ, പൊതുനിർമാണ വിഭാഗം, ദേശീയ ഹൈവേ അതോറിറ്റി, കരാറുകാർ, എൻജിനീയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.
കോടതി നിർദ്ദേശം നിഷ്ഠയോടെ പാലിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പുകൾ താനെ നഗരസഭ ആരംഭിച്ചതായി അറിയിച്ചു.