
മുംബൈ: തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ മികച്ച 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം ഇടം നേടി. ട്രാവൽ & ലീഷർ നടത്തിയ ആഗോള സഞ്ചാര സർവേയുടെ അവസാനത്തിലാണ് റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്. വിമാനത്താവളത്തിന്റെ വാസ്തുവിദ്യയുടെ രൂപകൽപ്പന, ഭക്ഷണം, അസാധാരണമായ യാത്രാനുഭവങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി യാത്രക്കാർ പ്രകടിപ്പിച്ച അഭിപ്രായം അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.
84.23 സ്‌കോറുമായി തുടർച്ചയായി മൂന്നാം വർഷവും പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യൻ വിമാനത്താവളമാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. റാങ്കിംഗിൽ വിമാനത്താവളം 9-ാം സ്ഥാനത്താണ്. 98.7 പോയിന്റുമായി തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളം പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും വിമാനത്താവളങ്ങൾ ഈ വർഷം വീണ്ടും റാങ്കിംഗിൽ ആധിപത്യം സ്ഥാപിച്ചു. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം, ഖത്തറിലെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം, ഫിൻലാൻഡിലെ ഹെൽസിങ്കി വിമാനത്താവളം, ടോക്കിയോയിലെ ഹനേഡ വിമാനത്താവളം, ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടിക 'ടോപ്പ് 10' 1. ഇസ്താംബുൾ, തുർക്കി 2. ചാംഗി, സിംഗപ്പൂർ 3. ദോഹ, ഖത്തർ 4. അബുദാബി, യുഎഇ 5. ദുബായ്, യുഎഇ 6. ഹോങ്കോംഗ് 7. ഹെൽസിങ്കി, ഫിൻലാൻഡ് 8. ടോക്കിയോ, ജപ്പാൻ 9. മുംബൈ, ഇന്ത്യ 10. ഇഞ്ചിയോൺ, ദക്ഷിണ കൊറിയ
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളിലൂടെ സുഖകരമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന വിമാനത്താവളങ്ങളെക്കുറിച്ചുള്ള ട്രാവൽ & ലീഷറിന്റെ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിശദാംശങ്ങൾ.