ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി. ജല ശക്തി മന്ത്രാലയത്തിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഡീൻ.
2021 ഡിസംബര്‍ 31 ന് കേന്ദ്ര ഡാം സുരക്ഷാ നിയമം പ്രാബല്യത്തിൽ വന്നു. അതിനുശേഷം ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കപ്പെട്ടു. എന്നാൽ, യാതൊരു പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 25 കോടി രൂപ അനുവദിച്ചെങ്കിലും 9. 4 കോടി രൂപ മാത്രമാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവാക്കിയത്. ഈ ബഡ്ജറ്റില്‍ 23 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഡാം സുരക്ഷാ നിയമത്തിന്റെ 9 (1) വ്യവസ്ഥകള്‍ അനുസരിച്ച്, സുരക്ഷാ ഭീഷണി നേരിടുന്ന ഡാമുകളുടെ സുരക്ഷ സംബന്ധിച്ച വിവരശേഖരണം, ഡാം തകര്‍ച്ചകള്‍ വഴിയുള്ള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നയരൂപീകരണം, ഡാം സുരക്ഷാസമിതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങൾ, ഡാം ഉടമസ്ഥനുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുക ഉള്‍പ്പടെ നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, നിയമപരമായി നിര്‍വഹിക്കപ്പെടേണ്ട ഈ കടമകള്‍ ചെയ്തു തീര്‍ക്കുന്നതിന് ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഇപ്പോഴും പര്യാപ്തമല്ല. ഡാം സുരക്ഷാ നിയമത്തിന്റെ 2 വകുപ്പ് അനുസരിച്ച് മുല്ലപ്പെരിയാര്‍ ഡാം പ്രത്യേകമായി പരിഗണിക്കപ്പെടേണ്ട ഒന്നാണ്.
2022 ഏപ്രില്‍ 8 ലെ സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് മേല്‍നോട്ട സമിതിയുടെ മുഴുവന്‍ ചുമതലകളും, നിശ്ചിത കാലപരിധി കഴിഞ്ഞാല്‍ ഡാം സുരക്ഷ അതോറിറ്റി വഹിക്കേണ്ടതാണ്. എന്നാല്‍, കേന്ദ്രം വളരെ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നിയമത്തിലെ 16-ാം വകുപ്പ് അനുസരിച്ച് നിരന്തരമായ നിരീക്ഷണവും, മേല്‍നോട്ടവും, പ്രവര്‍ത്തനവും, സുരക്ഷാ പരിശോധനയും, അറ്റകുറ്റപണികളും, നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ നല്‍കിയ ചോദ്യോത്തരത്തില്‍ സുരക്ഷാ പരിശോധന ഡാം സുരക്ഷാ അതോറിറ്റിയുടെ ചുമതലയല്ലെന്ന് പറഞ്ഞത് നിര്‍ഭാഗ്യകരമാണ്.
2021 ല്‍ നിയമം നിലവിൽ വന്ന് 4 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും ഡാം സുരക്ഷാ അതോറിറ്റി സ്ഥലപരിശോധന പോലും നടത്താത്തത് പ്രത്യേകം കണക്കിലെടുക്കണം. ലോകത്ത് ഇന്നുവരെ സംഭവിക്കാത്ത വന്‍ദുരന്തമായിരുക്കും മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളം അനുഭവിക്കേണ്ടി വരുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാടിന് ആവശ്യത്തിന് വെള്ളം നല്‍കുന്നത് തുടരുകയും കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കി പുതിയ ഡാം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഡാം സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാകണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.