പട്ന: ബിഹാറിൽ എൻ.ഡി.എ. സഖ്യം വൻ വിജയം നേടിയതിന് പിന്നാലെ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി. ആർ.ജെ.ഡി.യിൽ നിന്ന് പുറത്താക്കപ്പെട്ട ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിലെത്തിക്കാൻ എൻ.ഡി.എ. ശ്രമം തുടങ്ങി. എൻ.ഡി.എ. നേതാക്കൾ ഇന്നലെ രാത്രി തേജ് പ്രതാപ് യാദവുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.(Move to bring Tej Pratap Yadav into the NDA camp, Setback for Tejashwi)
തിരഞ്ഞെടുപ്പിന് മുമ്പ് അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം സ്വന്തമായി 'ജനശക്തി ജനതാദൾ' എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചാണ് തേജ് പ്രതാപ് യാദവ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഇദ്ദേഹവും പാർട്ടിയുടെ സ്ഥാനാർത്ഥികളും മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു.
എല്ലാ സീറ്റുകളിലും പരാജയപ്പെട്ടെങ്കിലും ആർ.ജെ.ഡി.യുടെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തേജ് പ്രതാപ് യാദവിനായി. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ നിന്ന് വെറും 25 സീറ്റുകളിലേക്ക് ഒതുങ്ങിയ ആർ.ജെ.ഡിക്ക് ഇത് കനത്ത തിരിച്ചടിയാണ് നൽകിയത്.
തിരഞ്ഞെടുപ്പ് ഗോദയിലെ ഈ തിരിച്ചടി ലാലുവിന്‍റെ കുടുംബത്തിലും വലിയ പൊട്ടിത്തെറിക്ക് കാരണമായി. തേജസ്വി യാദവിനെതിരായ നിലപാട് സ്വീകരിച്ച് ലാലുവിന്‍റെ നാല് പെൺമക്കൾ പിണങ്ങി വീട് വിട്ടുപോയതോടെ കുടുംബകലഹം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്, അച്ഛന്‍റെ അപ്രീതിക്ക് പാത്രമായ തേജ് പ്രതാപ് യാദവിനെ ഒപ്പം കൂട്ടാൻ എൻ.ഡി.എ. ശ്രമിക്കുന്നത്. ഇത് ആർ.ജെ.ഡി.ക്ക് കൂടുതൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്.