
ഡെറാഡൂൺ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടിയില്ലെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ഭർതൃമാതാവ് നൽകിയ പരാതിയെ തുടർന്ന് ആറ് മാസം കസ്റ്റഡിയിലായ യുവതിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്. അൽമോറ ജില്ലാ കോടതിയാണ് യുവതിയെ വെറുതെ വിട്ടത്. പ്രോസിക്യൂഷൻ്റെ കേസ് സംശയങ്ങൾ ഉള്ളതാണെന്നും ഒരു അമ്മയും സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാൻ ഇത്രയും ക്രൂരത കാണിക്കില്ലെന്നും നിരീക്ഷിച്ച കോടതി, യുവതിയെ വിട്ടയക്കാൻ ഉത്തരവിട്ടു.
പരുൾ എന്ന യുവതിക്കെതിരെയാണ് ഭർത്താവിന്റെ അമ്മ അമ്മ സ്നേഹലത പരാതി കൊടുത്തത്. 2020ലാണ് പരുളും ശിവം ദീക്ഷിതും വീട്ടുകാരുടെ എതിർപ്പ് മറി കടന്ന് വിവാഹം കഴിച്ചത്. രണ്ട് വർഷത്തിന് ശേഷം പരുൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തിന് ശേഷം, മരുമകൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും മുലപ്പാൽ നൽകുന്നില്ലെന്നും ആരോപിച്ച് സ്നേഹലത പൊലീസിൽ പരാതി നൽകി. സ്‌നേഹലതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ ഫയൽ ചെയ്യുകയും 2023 ജനുവരി 28-ന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് പരുളിനെ ആറ് മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.