ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിൻ്റെ അമ്മയും സ്വവർഗ പങ്കാളിയും അറസ്റ്റിൽ. കുഞ്ഞിൻ്റേത് അസ്വാഭാവിക മരണമാണെന്ന പിതാവിൻ്റെ ആരോപണമാണ് കേസന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്.(Mother and lesbian partner arrested for murdering 6-month-old baby)
ഈ മാസമാദ്യമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ മരിച്ചുവെന്നാണ് ആദ്യം പോലീസ് ഉൾപ്പെടെ കരുതിയിരുന്നത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം സ്വന്തം പറമ്പിൽ അടക്കം ചെയ്തു.
കുഞ്ഞിന്റെ മരണം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, ഭാര്യയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് ആരോപിച്ച് കുഞ്ഞിന്റെ അച്ഛൻ അധികൃതരെ സമീപിച്ചു. ഇരുവരും തമ്മിലുള്ള ബന്ധവും കുഞ്ഞിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതിനെത്തുടർന്ന്, പോസ്റ്റ്‌മോർട്ടത്തിനായി ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരണപ്പെട്ടതെന്ന് തെളിഞ്ഞു. ഇതിനു പിന്നാലെ പോലീസ് അമ്മയെയും പങ്കാളിയെയും വിശദമായി ചോദ്യം ചെയ്തു.
ഭർത്താവിൻ്റെ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്ന് ചോദ്യം ചെയ്യലിൽ സ്ത്രീ പോലീസിനോട് സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് തന്നെ സ്നേഹിക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ലെന്നും അവർ മൊഴി നൽകിയതായി പോലീസ് കൂട്ടിച്ചേർത്തു. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.