
പൂനെ: അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പരിശോധിച്ചുവരികയാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ റാംമോഹൻ നായിഡു പറഞ്ഞു(black box). അന്വേഷണത്തിനായി ബ്ലാക്ക് ബോക്‌സ് വിദേശത്തേക്ക് അയയ്ക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.
"ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ബ്ലാക്ക് ബോക്‌സിന്റെ ഭൂരിഭാഗവും ഇന്ത്യയിലുണ്ട്. നിലവിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അത് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്." - നായിഡു വ്യക്തമാക്കി.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ 12 നാണ് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറി യാത്രക്കാരായ 241 പേർ കൊല്ലപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ, സംഭവസ്ഥലത്ത് നിന്ന് ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തിരുന്നു. വിമാനം പറക്കുമ്പോൾ അതിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ഒരു ചെറിയ ഉപകരണമാണിത്. ഇത് അപകട കാരണം കണ്ടെത്താൻ സഹായകമാകുമെന്നാണ് വിശ്വസിക്കുന്നത്.