Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeNationalകാനഡയിൽ കുടിയേറ്റ വേട്ട ശക്തം: 2025-ൽ പുറത്താക്കിയത് 2500-ലധികം ഇന്ത്യക്കാരെ |...

കാനഡയിൽ കുടിയേറ്റ വേട്ട ശക്തം: 2025-ൽ പുറത്താക്കിയത് 2500-ലധികം ഇന്ത്യക്കാരെ | Indians deported

🎙️ Latest Podcast

ന്യൂഡൽഹി: വിദേശികൾക്കെതിരെയുള്ള കുടിയേറ്റ നിയന്ത്രണങ്ങൾ കടുപ്പിച്ച് കാനഡ. 2025-ന്റെ ആദ്യ പത്ത് മാസത്തിനുള്ളിൽ മാത്രം 2,500-ലധികം ഇന്ത്യക്കാരെ കാനഡ രാജ്യത്ത് നിന്ന് പുറത്താക്കി. കാനഡ ബോർഡർ സർവീസസ് ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിവിധ രാജ്യങ്ങളിൽ നിന്നായി ആകെ 18,785 പേർക്കാണ് ഈ കാലയളവിൽ രാജ്യം വിടേണ്ടി വന്നത്.(More than 2,500 Indians deported from Canada in 2025)

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പുറത്താക്കൽ നിരക്കാണ് 2025-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. 3,972 പൗരന്മാരെ പുറത്താക്കിയ മെക്സിക്കോയാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. നിലവിൽ പുറത്താക്കൽ നടപടികൾ പുരോഗമിക്കുന്ന 29,542 കേസുകളിൽ 6,515 എണ്ണവും ഇന്ത്യക്കാരുടേതാണ്. 2021-ൽ കേവലം 7,513 പേരെ മാത്രം പുറത്താക്കിയ സ്ഥാനത്താണ് 2025-ൽ പത്ത് മാസത്തിനുള്ളിൽ തന്നെ എണ്ണം 18,000 കടന്നത് എന്നത് കുടിയേറ്റ നയത്തിലെ കർക്കശ സ്വഭാവം വ്യക്തമാക്കുന്നു.

പ്രധാനമായും രണ്ട് കാരണങ്ങളാണ് കുടിയേറ്റക്കാർക്കെതിരെയുള്ള ഈ കടുത്ത നടപടിക്ക് പിന്നിലുള്ളത്. അഭയാർത്ഥി അപേക്ഷകളിലെ നിയമലംഘനങ്ങളും കാനഡയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതുമാണ് വിദേശ പൗരന്മാർക്ക് തിരിച്ചടിയായത്. മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്രിമ രേഖകൾ വഴിയും രാജ്യത്ത് എത്തിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്.

നിയമലംഘകരെ പുറത്താക്കുന്നതിനായി കാനഡ പ്രധാനമായും മൂന്ന് തരത്തിലുള്ള ഉത്തരവുകളാണ് പുറപ്പെടുവിക്കുന്നത്. 30 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശിക്കുന്നതാണ് ഡിപ്പാർച്ചർ ഓർഡർ. ഒന്നു മുതൽ അഞ്ചു വർഷം വരെ കാനഡയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതാണ് എക്സ്ക്ലൂഷൻ ഓർഡർ. എന്നാൽ കാനഡയിലേക്ക് മടങ്ങുന്നതിന് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തുന്ന ഏറ്റവും കർശനമായ നടപടിയാണ് ഡീപോർട്ടേഷൻ ഓർഡർ. പുതിയ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി കുറ്റവാളികൾക്കെതിരെ കടുത്ത നടപടി തുടരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.