ന്യൂഡൽഹി : സേനയിൽ നിലവിൽ നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കുന്ന അഗ്നിവീറുകളിൽ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തുമെന്ന വ്യവസ്ഥ 75 ശതമാനം വരെയായി ഉയർത്തിയേക്കാൻ സാധ്യതയെന്ന് സൂചന. അഗ്നിവീറുകളുടെ ആദ്യ ബാച്ച് അടുത്ത വർഷം സേവന കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് ഇവരെ സേനയിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രതിരോധ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്.(More Agniveers may be retained in the army)
ആർമി കമാൻഡേഴ്‌സ് കോൺഫറൻസിലെ പ്രധാന അജണ്ടകൾ
ജയ്സാൽമീറിൽ ആരംഭിക്കുന്ന ആർമി കമാൻഡേഴ്സ് കോൺഫറൻസിൽ ഈ വിഷയം പ്രധാന അജണ്ടയായി ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൂന്ന് സേനാ വിഭാഗങ്ങൾക്കിടയിൽ യോജിച്ച് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികൾ, മിഷൻ സുദർശൻ ചക്രയുടെ നടത്തിപ്പ് അവലോകനം, കൂടുതൽ വിമുക്തഭടന്മാരുടെ അനുഭവസമ്പത്തും കഴിവും പ്രയോജനപ്പെടുത്താനുള്ള വഴികൾ എന്നിവ ചർച്ച ചെയ്‌തേക്കും.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യത്തെ ആർമി കമാൻഡേഴ്സ് കോൺഫറൻസാണിത്. രാജ്യ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനും വെല്ലുവിളികളെ നേരിടാനുള്ള സുപ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിനുമുള്ള വേദിയാണിത്.
വിമുക്തഭടന്മാരുടെ വിപുലമായ പങ്കാളിത്തം
നിലവിൽ, ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റി, എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ECHS) പോളിക്ലിനിക്കുകൾ എന്നിവയ്ക്ക് കീഴിലുള്ള പരിമിതമായ ചുമതലകളിലാണ് വിമുക്തഭടന്മാരെ നിയമിച്ചിട്ടുള്ളത്. ഇതിനുപകരം ഇവർക്ക് സേനാ വിഭാഗങ്ങളിലുടനീളം വിപുലമായ പങ്കാളിത്തം നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായാണ് വിവരം.