

ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനായി സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്.
മാർച്ച് 14ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ തീപിടിത്തത്തിന് പിന്നാലെയാണ് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തീ അണക്കാൻ എത്തിയ അഗ്നിശമനസേനക്കാണ് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം ലഭിച്ചത്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസിനോട് നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.