
ന്യൂഡൽഹി/ദുബായ്: ഏഷ്യാ കപ്പ് ട്രോഫി ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സി.ഐ.) ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി.) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. നവംബർ 10-ന് ദുബായിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാമെന്ന നഖ്‌വിയുടെ വാഗ്ദാനം ബി.സി.സി.ഐ. തള്ളി. ഇന്ത്യൻ ക്യാപ്റ്റനെ അയക്കില്ലെന്ന് ബി.സി.സി.ഐ. വൃത്തങ്ങൾ അറിയിച്ചു.
ട്രോഫി കൈമാറുന്ന വിഷയത്തിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത മാസം നടക്കുന്ന ഐ.സി.സി. യോഗത്തിൽ വിഷയം ഉന്നയിക്കുമെന്നും ബി.സി.സി.ഐ. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്രോഫി കൈമാറ്റത്തിലെ തർക്കം
സെപ്റ്റംബർ 28-ന് നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന് ശേഷം ഇന്ത്യൻ ടീം ട്രോഫി സ്വീകരിച്ചിരുന്നില്ല. എ.സി.സി. പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം നേരിട്ട് സമർപ്പിക്കണമെന്ന് ഇന്ത്യൻ ടീം ആവശ്യപ്പെട്ടതിനെത്തുടർന്ന്, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിക്കുകയായിരുന്നു.
ബി.സി.സി.ഐയുമായി കത്തുകൾ കൈമാറിയതിനെത്തുടർന്ന്, നവംബർ 10-ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും ബി.സി.സി.ഐ. ഉദ്യോഗസ്ഥൻ രാജീവ് ശുക്ലയെയും ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് എ.സി.സി. ചെയർമാൻ അറിയിച്ചു.എന്നാൽ, ട്രോഫി നേരിട്ട് ഏറ്റുവാങ്ങാനായി ഒരു കളിക്കാരനെ കൊണ്ടുവരണമെന്ന നഖ്‌വിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ. വൃത്തങ്ങൾ വ്യക്തമാക്കിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ട്രോഫി ഉടൻ കൈമാറണമെന്നും ബി.സി.സി.ഐ. നഖ്‌വിക്ക് പുതിയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ , നഖ്‌വി പാകിസ്താന്റെ ആഭ്യന്തര മന്ത്രിയായതിനാലും ഇന്ത്യയിൽ ഭീകരതയെ പിന്തുണയ്ക്കുന്നതിനാലും അദ്ദേഹത്തിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ കളിക്കാർ വിസമ്മതിക്കുകയായിരുന്നു.
വിഷയം ഐ.സി.സിക്ക് മുമ്പാകെ
നവംബർ 4 മുതൽ 7 വരെ ദുബായിൽ നടക്കുന്ന ഐ.സി.സി. ബോർഡ് യോഗങ്ങളിൽ ബി.സി.സി.ഐ. ഈ വിഷയം ഉന്നയിക്കുന്നത് പരിഗണിക്കുന്നുണ്ട്. അതേസമയം , ഏഷ്യാ കപ്പിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ ഇരയായവർക്ക് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യ വിജയവും സമർപ്പിച്ചതും ശ്രദ്ധേയമായിരുന്നു.