
ദാദസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ. രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽ നിന്നാണ് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ താരം പുരസ്കാരം കൈപ്പറ്റിയത്. സിനിമാമേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ദാദസാഹിബ് ഫാൽക്കെ പുരസ്കാരം.
ദാദസാഹിബ് ഫാൽക്കെ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മോഹൻലാൽ. മലയാളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണൻ മാത്രമാണ് മുൻപ് ഈ പുരസ്കാരം നേടിയിട്ടുള്ളത്.
ആറ് മലയാളികളാണ് വിവിധ വിഭാഗങ്ങളിലായി ദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഉർവശി, വിജയരാഘവൻ, ക്രിസ്റ്റോ ടോമി തുടങ്ങിയവർ നേരത്തെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച സഹനടൻ (പൂക്കാലം), സഹനടി (ഉള്ളൊഴുക്ക്) എന്നീ വിഭാഗങ്ങളിലാണ് യഥാക്രമം വിജയരാഘവൻ, ഉർവശി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം മോഹൻ ദാസും (2018) മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും (പൂക്കാലം) ഏറ്റുവാങ്ങി. മികച്ച മലയാള സിനിമയായ ഉള്ളൊഴുക്കിൻ്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയും പുരസ്കാരം സ്വീകരിച്ചു.