ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ അംഗമാകും. കാബിനറ്റ് പദവി നൽകി അദ്ദേഹത്തെ മന്ത്രിസഭയിൽ എത്തിക്കാൻ കോൺഗ്രസിൽ ധാരണയായി.(Mohammad Azharuddin Set To Join Telangana Cabinet As Minister Tomorrow)
വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുൻ പാർലമെന്റ് അംഗം കൂടിയാണ് അസറുദ്ദീൻ.
കാബിനറ്റിലെ മുസ്ലീം പ്രാതിനിധ്യം പരിഗണിച്ചാണ് ഈ നീക്കമെന്ന് മന്ത്രിസഭയിലെ ഒരംഗം പറഞ്ഞു. ന്യൂനപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാനും കോൺഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നു.
നിലവിൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിങ് പ്രസിഡൻ്റ് കൂടിയായ അസറുദ്ദീൻ അടുത്തിടെയാണ് ഗവർണറുടെ ക്വാട്ട വഴി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. ഇതോടെയാണ് മന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
തെലങ്കാനയിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ നവംബർ 11-ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ ഈ നീക്കം.1985 മുതൽ 2000 വരെ ഇന്ത്യക്കായി 334 ഏകദിനങ്ങളും 99 ടെസ്റ്റുകളും കളിച്ചു.
എല്ലാ ഫോർമാറ്റിലുമായി 15,593 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 79 അർധ സെഞ്ചുറികളും 29 സെഞ്ചുറികളും ഉൾപ്പെടുന്നു. ഒത്തുകളി ആരോപണത്തെത്തുടർന്ന് പിന്നീട് ആജീവനാന്ത വിലക്ക് വീണതോടെ അസറുദ്ദീൻ്റെ കരിയർ അപ്രതീക്ഷിതമായി അവസാനിച്ചു. 2009-ലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.