

ഗുജറാത്ത്: ജാതി രാഷ്ട്രീയത്തിന്റെ വിഷം പ്രചരിപ്പിക്കുകയാണെന്ന രൂക്ഷ വിമർശനം ആർജെഡി, കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ജനങ്ങൾ "ജാതി വിഭജനത്തിന്റെ വിഷം" പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. (Modi)
സൂറത്ത് വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കോൺഗ്രസ് പാർട്ടിയിലെ വലിയൊരു വിഭാഗവും പേരും പ്രശസ്തിയും ഉണ്ടാകുന്നതിൽ മുഴുകി പോയെന്നും അദ്ദേഹം ആക്ഷേപിച്ചു.
"ബീഹാറിൽ, പൊതുപരിപാടികൾക്ക് വേണ്ടി നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തുകയും വീടുകൾ പിടിച്ചെടുക്കുകയും ചെയ്തു, അവ വഖഫ് സ്വത്തുക്കളാക്കി മാറ്റി. തമിഴ്‌നാട്ടിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഗ്രാമങ്ങൾ വഖഫ് സ്വത്തുക്കളാക്കി മാറ്റിയത് നമ്മൾ കണ്ടു. അതിനുശേഷം മാത്രമാണ് വഖഫ് സംബന്ധിച്ച് പാർലമെന്റിൽ ഒരു നിയമം പാസാക്കിയത്. ബീഹാർ തിരഞ്ഞെടുപ്പിനിടെ, ഇതൊക്കെ ചെയ്തവരും സഖ്യകക്ഷികളും വഖഫ് നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. വികസനത്തിന്റെ പാത പിന്തുടർന്ന് ബീഹാറിലെ ജനങ്ങൾ ഈ വർഗീയ വിഷത്തെ പൂർണ്ണമായും നിരാകരിച്ചു," എന്നായിരുന്നു മോദിയുടെ വാക്കുകൾ.
മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് പാർട്ടിയെ (എംഎംസി) രാജ്യം നിരാകരിച്ചിരിക്കുകയാണ്. ബീഹാറിലെ തോൽവിക്ക് കോൺഗ്രസിന് ഒരു വിശദീകരണമില്ലാത്തത് കൊണ്ട് അവർ ഇവിഎമ്മുകളേയും എസ്‌ഐആർ പ്രക്രിയേയും കുറ്റപ്പെടുത്തുകയാണ് എന്നും അദ്ദേഹം കൂട്ടി ചേർത്ത്.
"കഴിഞ്ഞ രണ്ട് വർഷമായി, ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കൾ ബീഹാറിൽ ചുറ്റിത്തിരിയുകയും ജാതി രാഷ്ട്രീയത്തിന്റെ വിഷം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ജാതി വിഭജനത്തിന്റെ വിഷം കുത്തിവയ്ക്കാൻ അവർ കഠിനമായി ശ്രമിച്ചു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ബീഹാറിലെ ജനങ്ങൾ ആ വിഷം പൂർണ്ണമായും തള്ളിക്കളഞ്ഞു," എന്ന് പറഞ്ഞു കൊണ്ട് കോൺഗ്രസ്സിനും ആർ.ജെ.ഡിയ്ക്കും എതിരെ ശക്തമായി പ്രധാനമന്ത്രി ആഞ്ഞടിച്ചു.