ബെംഗളൂരു: കാറിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തി പൊതുനിരത്തിൽ അഭ്യാസം കാണിച്ച കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിക്ക് ബെംഗളൂരു ഗതാഗത വകുപ്പ് 1,11,500 രൂപ പിഴ ചുമത്തി. യെലഹങ്ക ട്രാൻസ്‌പോർട്ട് ഓഫീസാണ് ഈ വൻതുക ഈടാക്കിയത്.(Modified car, Malayali student fined Rs 1.11 lakh in Bengaluru)
70,000 രൂപയ്ക്ക് വാങ്ങിയ സെക്കൻഡ് ഹാൻഡ് കാറിലാണ് ലക്ഷങ്ങൾ ചെലവാക്കി വിദ്യാർത്ഥി മാറ്റങ്ങൾ വരുത്തിയത്. സൈലൻസറിലൂടെ തീ തുപ്പുന്ന രീതിയിലുള്ള രൂപമാറ്റമാണ് പ്രധാനമായും വരുത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ബെംഗളൂരു ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പിഴയൊടുക്കിയ രസീതും രൂപമാറ്റം വരുത്തിയ കാറിന്റെ വീഡിയോയും എക്സിൽ പങ്കുവെച്ചുകൊണ്ട് പൊലീസ് നൽകിയ മുന്നറിയിപ്പ് ഇങ്ങനെയാണ്: "എക്‌സോസ്റ്റിൽ നിന്ന് തീ വരുന്നുണ്ടോ? എങ്കിൽ അതിനുള്ള വിലയും പ്രതീക്ഷിക്കുക. പൊതുനിരത്തുകൾ സ്റ്റണ്ട് കാണിക്കാനുള്ള ഇടമല്ല. വാഹനങ്ങളിൽ തീപ്പൊരിയോ തീയോ ഉണ്ടാക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നത് നിയമവിരുദ്ധമാണ്."