ന്യൂഡൽഹി: "ഓപ്പറേഷൻ സിന്ദൂർ നിർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ചറിയിച്ചു" എന്ന യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് കോൺഗ്രസ്. ട്രംപ് പങ്കെടുക്കാത്തതിനാൽ സുരക്ഷിതമെന്ന് കണ്ടാണ് മോദി ജി20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. (Modi went to G20 because Trump was not there, Congress mocks PM)
ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറിനിന്നിരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിൻ്റെ വിമർശനം. ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായിരുന്നു മലേഷ്യയിലും ഈജിപ്തിലും മോദി പോകാതിരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം നിർത്തിയത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി തന്നെ വിളിച്ച് യുദ്ധം നിർത്തിയെന്ന് നേരിട്ടറിയിച്ചു എന്നാണ് ട്രംപിൻ്റെ പുതിയ വാദം. യുദ്ധം നിർത്തിയില്ലെങ്കിൽ 350 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യയെയും പാകിസ്ഥാനെയും ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് പറഞ്ഞിരുന്നു.
ട്രംപിൻ്റെ ഈ അവകാശവാദങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യം കോൺഗ്രസ് കടുപ്പിക്കുകയാണ്. ട്രംപിനെ മോദി ആലിംഗനം ചെയ്യുന്ന പഴയ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത കോൺഗ്രസ്, ഈ സൗഹൃദം ഇപ്പോൾ എവിടെ പോയെന്നും പരിഹസിച്ചു.