

മാൽഡ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും (Vande Bharat Sleeper). പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നും അസമിലെ കാമാഖ്യയിലേക്കുമാണ് (ഗുവാഹത്തി) ആദ്യ സർവീസ്. രാത്രികാല യാത്രകൾക്ക് പ്രീമിയം സൗകര്യങ്ങളും വേഗതയും ഉറപ്പാക്കുന്ന രീതിയിലാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബംഗാളിലെ മാൽഡ ടൗണിൽ വെച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുന്നത്.
പതിനാറ് കോച്ചുകളുള്ള ട്രെയിനിൽ 823 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഹൗറയിൽ നിന്ന് വൈകുന്നേരം 6:20-ന് പുറപ്പെടുന്ന ട്രെയിൻ തൊട്ടടുത്ത ദിവസം രാവിലെ 8:20-ന് കാമാഖ്യയിലെത്തും. വെറും 14 മണിക്കൂർ കൊണ്ട് യാത്ര പൂർത്തിയാക്കുന്ന ഈ ട്രെയിൻ ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ സർവീസായി മാറും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ഉണ്ടാവുക. 3-ടയർ എസിയിൽ ഹൗറ മുതൽ കാമാഖ്യ വരെ 2,299 രൂപയാണ് ടിക്കറ്റ് നിരക്ക്. 2-ടയറിന് 2,970 രൂപയും ഫസ്റ്റ് എസിക്ക് 3,640 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി 'കവച്' സാങ്കേതികവിദ്യ, സിസിടിവി നിരീക്ഷണം, ഓട്ടോമാറ്റിക് ഡോറുകൾ എന്നിവ ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്. വിമാനങ്ങളിലേതിന് സമാനമായ ബയോ വാക്വം ടോയ്‌ലറ്റുകൾ, ഹോട്ട് വാട്ടർ ഷവർ (ഫസ്റ്റ് ക്ലാസിൽ), വൈഫൈ, മെച്ചപ്പെട്ട ബെർത്ത് സൗകര്യങ്ങൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. കൂടാതെ, യാത്രക്കാർക്ക് പ്രാദേശിക രുചികളിലുള്ള ഭക്ഷണവും ലഭ്യമാക്കും. ഹൗറയിൽ നിന്ന് പുറപ്പെടുമ്പോൾ ബംഗാളി വിഭവങ്ങളും കാമാഖ്യയിൽ നിന്ന് പുറപ്പെടുമ്പോൾ അസമീസ് വിഭവങ്ങളും വിളമ്പുമെന്ന് റെയിൽവേ അറിയിച്ചു.
Prime Minister Narendra Modi is set to flag off India’s first Vande Bharat sleeper train today, connecting Howrah in West Bengal to Kamakhya in Assam. This fully air-conditioned overnight train completes the journey in a record 14 hours and features advanced amenities like the KAVACH safety system, bio-vacuum toilets, and hot water showers in the first-class coach. With a maximum speed of 160 kmph, the train aims to provide a premium and faster travel experience for long-distance passengers.