ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. മോദിയെ 'മഹാനായ വ്യക്തി' എന്നും 'സുഹൃത്ത്' എന്നും വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ സാധ്യതയുണ്ടെന്നും സൂചന നൽകി.(Modi is a great person and friend, Trump again praises PM)
'അദ്ദേഹം എന്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഉടൻ തീരുമാനമുണ്ടാകും.' - ഡൊണാൾഡ് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ചർച്ചകൾ ഗംഭീരമായി മുന്നോട്ട് പോകുന്നുവെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണയടക്കമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നത് പ്രധാനമന്ത്രി മോദി വലിയ തോതിൽ നിർത്തി എന്നും ട്രംപ് പരാമർശിച്ചു. അടുത്ത വർഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, "അങ്ങനെയാകാം" എന്നായിരുന്നു ട്രംപിന്റെ മറുപടി.
മറ്റൊരു വിഷയത്തിൽ, അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയർ സോഹ്‌റാൻ മംദാനിക്കെതിരെ ഡൊണാൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുമായി എത്തി. തന്റെ ശക്തമായ എതിർപ്പിനെ മറികടന്നാണ് മംദാനി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. അഭിമുഖത്തിലാണ് ട്രംപ് ഭീഷണി മുഴക്കിയത്.
വാഷിംഗ്ടണുമായി സഹകരിച്ചില്ലെങ്കിൽ മംദാനിക്ക് ഏറെ നഷ്ടങ്ങളുണ്ടാവും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വാഷിംഗ്ടണിനോട് ബഹുമാനം പുലർത്തിയാൽ മാത്രമാകും ന്യൂയോർക്ക് നഗരത്തിന് വിജയകരമായ രീതിയിൽ മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം ഉണ്ടാവുകയുള്ളൂ എന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ന്യൂയോർക്കുകാർ മംദാനിയെ തെരഞ്ഞെടുത്തതോടെ അമേരിക്കയ്ക്ക് പരമാധികാരം നഷ്ടമായെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. 'അത് നമുക്ക് കൈകാര്യം ചെയ്യാം' എന്ന് കൂട്ടിച്ചേർത്തെങ്കിലും അതിന്റെ അർത്ഥം അദ്ദേഹം വിശദീകരിച്ചിരുന്നില്ല. അമേരിക്കക്കാർക്ക് മുന്നിലുള്ളത് കമ്യൂണിസത്തിനും സാമാന്യ ബുദ്ധിക്കും ഇടയിലുള്ള തെരഞ്ഞെടുപ്പാണെന്നും ട്രംപ് തന്റെ പ്രതികരണത്തിൽ വ്യക്തമാക്കി.