കർണൂൽ : കർണൂലിൽ ബസ് അപകടത്തിൽ 20 പേർ മരിക്കാനിടയായ സംഭവത്തിൽ, ബസിലുണ്ടായിരുന്ന ഏകദേശം 400 മൊബൈൽ ഫോണുകളാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ, കർണൂൽ ജില്ലയിലെ ചിന്നടെക്കൂരിൽ ഒക്ടോബർ 24-ന് പുലർച്ചെയായിരുന്നു അപകടം. ബൈക്കിൽ ഇടിച്ചതിനെത്തുടർന്നാണ് ബസിന് തീ പിടിച്ചത്.(Mobile Phones Suspected to Fuel Fire in Kurnool Bus Accident)
ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. 46 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈലുകളാണ് ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് വിതരണത്തിനായി കൊണ്ടുപോയത്. ഇവ ലഗേജ് കമ്പാർട്ട്മെൻ്റിലാണ് സൂക്ഷിച്ചിരുന്നത്.
ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്കിന്റെ തകർന്ന പെട്രോൾ ടാങ്കിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ബൈക്കുമായി മുന്നോട്ടു നീങ്ങുന്നതിനിടെ റോഡിലുരഞ്ഞ് തീപ്പൊരിയുണ്ടാവുകയും, പെട്രോൾ ചോർന്നത് തീപിടിത്തത്തിന് ആക്കം കൂട്ടുകയും ചെയ്തു.
ഡ്രൈവർ ഉൾപ്പെടെ 41 യാത്രക്കാർ ബസിലുണ്ടായിരുന്നു. 20 പേരാണ് മരിച്ചത്. അപകടസമയത്ത് യാത്രക്കാർ മിക്കവരും ഉറക്കത്തിലായിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലം ബസിന്റെ വാതിൽ തുറക്കാനാവാത്തതിനാൽ, ജനാലച്ചില്ല് പൊട്ടിച്ചാണ് പലരെയും രക്ഷപ്പെടുത്തിയത്.
അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ബി. ശിവകുമാർ (22) മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. അപകടത്തിന് മുൻപ്, ശിവകുമാർ ബൈക്ക് അശ്രദ്ധമായി ഓടിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തിയ ദൃശ്യങ്ങളിൽ, ബൈക്ക് സ്റ്റാൻഡിൽ നിർത്തി കറക്കിയെടുക്കുന്നതും അപകടകരമായ രീതിയിൽ ഓടിച്ചുപോകുന്നതും കാണാം.