
ബീഹാർ : മോത്തിഹാരിയിലെ കല്യാൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വൃദ്ബൻ പർസൗണി ഗ്രാമത്തിൽ നിന്ന് കാണാതായ വ്യവസായിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്റെ കഴുത്തിലും മുഖത്തും 15 ലധികം കത്തി അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചെറിഞ്ഞതാണെന്നാണ് പോലീസ് പറയുന്നു.
കല്യാൺപൂർ പരിധിയിൽ സൈനിക് കാന്റീനിൽ കട നടത്തിയിരുന്ന നീരജ് കുമാറിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുസാഫർപൂർ സ്വദേശിയായ ശുഭം കുമാർ തന്റെ ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ എത്തി കടമായി വാങ്ങിയ പണത്തിന്റെ ബാക്കി നൽകാമെന്ന് പറഞ്ഞ് നീരജിനെ കൂടെ കൊണ്ടുപോയി. ഇതിനുശേഷം, നീരജിന്റെ ഭാര്യയുടെ മൊബൈലിൽ വിളിച്ച് രണ്ട് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതക വിവരം ലഭിച്ചയുടൻ മോത്തിഹാരി പോലീസ് കൃത്യസമയത്ത് പ്രവർത്തിച്ച് ശുഭം കുമാറിനെ അറസ്റ്റ് ചെയ്തു. ശുഭം കുമാർ ഒരു സൈബർ തട്ടിപ്പുകാരനാണെന്നും ആളുകളെ കബളിപ്പിച്ച് സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. നീരജ് കുമാറുമായും സമാനമായ പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട തർക്കമുണ്ടായതായും ശുഭം കുമാറും കൂട്ടാളികളും ചേർന്ന് നീരജിനെ കൊലപ്പെടുത്തിയതായും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം പാറു പോലീസ് സ്റ്റേഷൻ പരിധിയിലെ റോഡരികിൽ വലിച്ചെറിഞ്ഞു. കൊലപാതകത്തിൽ ആകെ ആറ് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്തതായും ചാക്കിയ എസ്ഡിപിഒ സന്തോഷ് കുമാർ സിംഗ് അറിയിച്ചു.