

മധുര: തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കാണാതായ ഏഴ് വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാർക്ക് ചെയ്തിരുന്ന ഒരു എസ്.യു.വി. കാറിനുള്ളിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്, ഷൺമുഖവേലൻ (7) ആണ് മരിച്ചത്.(Missing 7-year-old boy found dead in car in Tamil Nadu)
മുത്തശ്ശിയെ കാണാൻ കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു കുട്ടി. തിരക്കിനിടയിൽ കുട്ടിയെ കാണാതായി. രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഒളിച്ചു കളിക്കുന്നതിനിടെ കുട്ടി തനിയെ എസ്.യു.വി. വാഹനത്തിനുള്ളിൽ കയറുകയും അബദ്ധത്തിൽ ലോക്ക് ആയിപ്പോകുകയും ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറത്തിറങ്ങാൻ കഴിയാതെ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. ക്ഷേത്രത്തിന് ചുറ്റും ഉച്ചത്തിൽ പാട്ട് വെച്ചിരുന്നതിനാലും മറ്റ് ബഹളങ്ങൾ കാരണവും കുട്ടി സഹായത്തിനായി ഒച്ചയുണ്ടാക്കിയാൽ പോലും ആരും കേട്ടിരിക്കാൻ സാധ്യതയില്ലെന്നും പോലീസ് കരുതുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും, സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ പരിശോധന നടത്തിയിരുന്നില്ല. പ്രദേശത്തെ ഒരു ഡോക്ടറുടേതാണ് എസ്.യു.വി. കാർ. പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.