ന്യൂഡൽഹി: രാജ്യവ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കുന്ന സാഹചര്യത്തിൽ ഇൻഡിഗോ (IndiGo) വിമാനക്കമ്പനിക്ക് മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. റദ്ദാക്കിയ സർവീസുകളുടെ ടിക്കറ്റ് നിരക്ക് രണ്ട് ദിവസത്തിനുള്ളിൽ യാത്രക്കാർക്ക് തിരികെ നൽകണമെന്നും, പണം തിരികെ നൽകാൻ വൈകിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിച്ചത്. ഡൽഹി-തിരുവനന്തപുരം റൂട്ടിൽ നിരക്ക് 30,000 രൂപയ്ക്ക് മുകളിലെത്തി.
ഈ സാഹചര്യത്തിൽ വിമാന നിരക്ക് വർധനവിൽ വ്യോമയാന മന്ത്രാലയം ഇടപെട്ടു. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും, സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ ഈ നിർദ്ദേശം തുടരണമെന്നും മന്ത്രാലയം അറിയിച്ചു. നിർദ്ദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15-ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഡി.ജി.സി.എ. ചട്ടങ്ങൾ നടപ്പാക്കാൻ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്നും ആയിരത്തോളം സർവീസുകൾ മുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതേസമയം, ഈ മാസം 15-ഓടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ഇൻഡിഗോയുടെ പ്രതീക്ഷ.
The Ministry of Civil Aviation has issued a stern warning to IndiGo, demanding that the airline refund the ticket fare for cancelled services within two days, threatening strict action for any delay. Furthermore, the Ministry intervened in the sharp increase in airfares caused by IndiGo's crisis, stating that unusual price hikes by other airlines are serious and instructing them to strictly adhere to existing fare limits.