ഡല്‍ഹി : മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ശേഷി വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള ഈ സോഫ്റ്റ്‌വെയർ ഭീമൻ ഏഷ്യയിലെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചു. 17.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) ആണ് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക.
ഇന്ത്യയുടെ എഐ അവസരങ്ങളെ കുറിച്ചുള്ള പ്രചോദനാത്മകമായ സംഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാജ്യത്തിന്റെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, ഇന്ത്യയുടെ 'എഐ-ഫസ്റ്റ്' ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, കഴിവുകള്‍ എന്നിവ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് ഏഷ്യയിലെ എക്കാലത്തെയും വലിയ നിക്ഷേപമായ 17.5 ബില്യണ്‍ യുഎസ് ഡോളര്‍ മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്യുന്നു, നദെല്ല എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഡാറ്റാ സെന്‍ററുകളും വൈദഗ്ധ്യ വികസനവും ഉൾപ്പെടെ ക്ലൗഡ്, എഐ ഇൻഫ്രാസ്ട്രക്ചറിനായി ബെംഗളൂരുവിൽ നേരത്തെ പ്രഖ്യാപിച്ച മൂന്ന് ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിന് പുറമേയാണിത്. ഈ നിക്ഷേപം കമ്പനിക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർസ്കെയിൽ സാന്നിധ്യം ഉറപ്പാക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.