USൻ്റെ പാത പിന്തുടർന്ന് മെക്സിക്കോ : ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് 50% വരെ അധിക തീരുവ ചുമത്തി | Tariffs

USൻ്റെ പാത പിന്തുടർന്ന് മെക്സിക്കോ : ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് 50% വരെ അധിക തീരുവ ചുമത്തി | Tariffs

ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും
Published on

ന്യൂഡൽഹി: അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മെക്സിക്കോ അധിക തീരുവ ചുമത്തി. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം വരെയാണ് മെക്സിക്കോ തീരുവ വർദ്ധിപ്പിച്ചത്. ഇതിന് മെക്സിക്കോ സെനറ്റ് അംഗീകാരം നൽകിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.( Mexico announces up to 50 percent tariffs on India After US)

മെക്സിക്കോയുമായി വ്യാപാര കരാർ നിലവിലില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വാഹനങ്ങൾ, വാഹനങ്ങളുടെ സ്പെയർ പാർട്‌സുകൾ, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് 50% വരെ തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചത്. പുതിയ തീരുവകൾ 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഈ അധിക തീരുവയിലൂടെ 3.76 ബില്യൺ ഡോളറിന്റെ അധികവരുമാനമാണ് മെക്സിക്കോ ലക്ഷ്യമിടുന്നത്.

മെക്സിക്കോയുടെ ഈ അധിക തീരുവ ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 2024-ൽ ഏകദേശം 8.9 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്ന് മെക്സിക്കോയിലേക്ക് ഉണ്ടായത്. ഇതിൽ പ്രധാനമായും വാഹനങ്ങളും വാഹനങ്ങളുടെ സ്പെയർ പാർട്‌സുകളുമായിരുന്നു. ഈ ഉൽപ്പന്നങ്ങൾക്കെല്ലാം ഉയർന്ന തീരുവ ചുമത്തുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ നടപടി പ്രതികൂലമായി ബാധിക്കും.

ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനാണ് വിവിധ വിദേശരാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നതെന്നാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമിന്റെ വിശദീകരണം. എങ്കിലും, ഈ നടപടി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്ന ആരോപണങ്ങളുണ്ട്. യു.എസ്.-മെക്സിക്കോ-കാനഡ വ്യാപാര കരാർ (USMCA) യു.എസ്. പുനഃപരിശോധിക്കുന്നതിന് മുൻപായി ട്രംപിനെ പ്രീണിപ്പിക്കാനാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്രതലത്തിൽ വിലയിരുത്തപ്പെടുന്നത്.

ഈ വർഷമാദ്യം ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് മെക്സിക്കോ തീരുവ വർധിപ്പിച്ചിരുന്നു. എന്നാൽ, അതിനുശേഷവും ക്ലൗഡിയ സർക്കാരിനെതിരേ ട്രംപിന്റെ വിമർശനങ്ങളുണ്ടായി. മെക്സിക്കോയിൽനിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും 50 ശതമാനം തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

Times Kerala
timeskerala.com