ന്യൂഡൽഹി: ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നിർണ്ണായകമായ ചില വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഹനിയ്യ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് നടന്ന ഇറാൻ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത അനുഭവം അദ്ദേഹം വിവരിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് ഗഡ്കരി ഇറാനിലെത്തിയത്.(Met Ismail Haniyeh hours before he was killed, says Nitin Gadkari)
ചടങ്ങിന് മുന്നോടിയായി ടെഹ്‌റാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന അനൗപചാരിക ചായ സൽക്കാരത്തിൽ ഗഡ്കരിയും ഹനിയ്യയും ഉണ്ടായിരുന്നു. വിവിധ രാഷ്ട്രത്തലവൻമാർക്കൊപ്പം ഹനിയ്യയെ താൻ അവിടെ കണ്ടതായും അദ്ദേഹം പറഞ്ഞു. ഹോട്ടലിലെ ചടങ്ങിന് ശേഷം നടന്ന ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങിലും രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനുമൊപ്പം ഹനിയ്യയെ കണ്ടതായി ഗഡ്കരി ഓർത്തെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് ഹോട്ടലിൽ വിശ്രമിക്കുകയായിരുന്ന ഗഡ്കരിക്കരികിൽ പുലർച്ചെ 4 മണിയോടെ ഇന്ത്യൻ അംബാസഡർ എത്തി . "നമുക്ക് ഇവിടെനിന്ന് ഉടനെ പോകണം, ഹമാസ് തലവൻ കൊല്ലപ്പെട്ടു" എന്ന് അംബാസഡർ പറഞ്ഞത് കേട്ട് താൻ ഞെട്ടിപ്പോയെന്ന് ഗഡ്കരി പറഞ്ഞു. ഹനിയ്യ താമസിച്ചിരുന്ന അതീവ സുരക്ഷാ സൈനിക സമുച്ചയത്തിൽ വെച്ചായിരുന്നു ആക്രമണം നടന്നത്.
ഹനിയ്യയെ എങ്ങനെയാണ് കൊന്നതെന്ന കാര്യത്തിൽ ഇപ്പോഴും കൃത്യമായ ധാരണയില്ലെന്ന് ഗഡ്കരി പറഞ്ഞു. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചതാണെന്നും മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് മിസൈൽ ആക്രമണം നടത്തിയതാണെന്നും ഉള്ള വ്യത്യസ്ത വാദങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.