ന്യൂഡൽഹി: വാട്ട്‌സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് പുതിയതും സുപ്രധാനവുമായ നിർദ്ദേശങ്ങളുമായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡി.ഒ.ടി.) രംഗത്ത്. ആക്ടീവ് സിം കാർഡ് ഇല്ലാതെ ഉപയോക്താക്കൾക്ക് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ സേവനം അസാധ്യമാക്കാനാണ് പുതിയ നീക്കം. ഇന്ത്യയുടെ പുതിയ ടെലികമ്മ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങളുടെ (2025) ഭാഗമായാണ് ഈ ഉത്തരവ്.(Messaging apps including WhatsApp and Telegram cannot be used without an active SIM card)
പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം, ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുള്ള സിം കാർഡ് ഫോണിൽ ആക്ടീവല്ലെങ്കിൽ ആപ്പുകൾ പ്രവർത്തിപ്പിക്കാനാവില്ല. ഈ നിർദ്ദേശം 90 ദിവസത്തിനുള്ളിൽ എല്ലാ പ്ലാറ്റ്‌ഫോമുകളും നടപ്പിലാക്കണം.
വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കളെ ഓരോ ആറ് മണിക്കൂറിലും പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യണം. കൂടാതെ, ഒരു ക്യു.ആർ. കോഡ് വഴി വീണ്ടും ഓതന്റിക്കേഷൻ നടത്തേണ്ടതുണ്ടെന്നും ഡി.ഒ.ടി. നിർദ്ദേശിക്കുന്നു. വിവിധ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സജീവവും പരിശോധിച്ചുറപ്പിച്ചതുമായ ഒരു സിമ്മുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇത് വിദൂരത്തിലിരുന്ന് കുറ്റവാളികൾ ആപ്പുകൾ ചൂഷണം ചെയ്യുന്നത് തടയുമെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പറയുന്നു.
നിലവിൽ മിക്ക ആപ്ലിക്കേഷൻ സേവനങ്ങളും ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പർ ഇൻസ്റ്റാളേഷൻ സമയത്ത് മാത്രമാണ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. അതിനുശേഷം സിം നീക്കം ചെയ്യുകയോ നിർജ്ജീവമാക്കുകയോ ചെയ്താലും ആപ്പ് തുടർന്നും പ്രവർത്തിക്കും. ഈ പഴുതടച്ച് ദുരുപയോഗ സാധ്യത കുറയ്ക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.ഒ.ടി. വ്യക്തമാക്കി.