ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് അവരുടെ തൊഴിൽ സാധ്യതകളെ ബാധിച്ചേക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആർത്തവ അവധി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇത്തരം നിയമങ്ങൾ നിലവിൽ വന്നാൽ സ്ത്രീകൾക്ക് പകരം പുരുഷന്മാരെ ജോലിക്കെടുക്കാൻ തൊഴിലുടമകൾ താല്പര്യം കാണിച്ചേക്കുമെന്നും ഇത് സ്ത്രീ ശാക്തീകരണത്തിന് വിപരീത ഫലം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി. (Menstrual Leave)
ആർത്തവ അവധി നൽകുന്ന പ്രധാന രാജ്യങ്ങൾ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ആർത്തവ അവധി നിയമവിധേയമാക്കിയിട്ടുണ്ട്. പ്രധാന രാജ്യങ്ങൾ താഴെ പറയുന്നവയാണ്:
- ജപ്പാൻ (1947): ‘സെയ്‌റി ക്യൂക്ക’ എന്ന പേരിൽ ആർത്തവ അവധി നിയമവിധേയമാക്കിയ ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. അവധി ശമ്പളത്തോടു കൂടിയ വേണോ എന്നത് കമ്പനികൾക്ക് തീരുമാനിക്കാം.
- ഇന്തോനേഷ്യ (1948): മാസത്തിൽ രണ്ട് ദിവസം ശമ്പളത്തോടു കൂടിയ അവധിക്ക് സ്ത്രീകൾക്ക് അവകാശമുണ്ട്.
- ദക്ഷിണ കൊറിയ (2001): മാസം ഒരു ദിവസം അവധി ലഭിക്കും. അവധി എടുക്കാത്തവർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യം കമ്പനികൾ നൽകാറുണ്ട്.
- സാംബിയ (2015): ‘മദേഴ്സ് ഡേ’ എന്നാണ് ഇവിടെ ഈ അവധി അറിയപ്പെടുന്നത്. മുൻകൂട്ടി അറിയിക്കാതെ തന്നെ മാസം ഒരു ദിവസം അവധി എടുക്കാം.
- സ്പെയിൻ (2023): ആർത്തവ അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. കഠിനമായ വേദനയുള്ളവർക്ക് മൂന്ന് മുതൽ അഞ്ച് ദിവസം വരെ അവധി ലഭിക്കും. ഇതിന്റെ ചിലവ് സർക്കാർ വഹിക്കുന്നത് വഴി തൊഴിലുടമകൾക്ക് സാമ്പത്തിക ഭാരം ഉണ്ടാകുന്നില്ല.
വിയറ്റ്‌നാം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലും സ്ത്രീകൾക്ക് ആർത്തവ സമയത്ത് വിശ്രമത്തിനോ അവധിക്കോ ഉള്ള സൗകര്യങ്ങൾ നിയമപരമായി തന്നെ നൽകി വരുന്നു.

