

ഇംഫാൽ: മണിപ്പൂരിൽ സാമുദായിക സംഘർഷങ്ങൾക്കിടെ ക്രൂരമായ മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തു ( Meitei Youth Killed Churachandpur). മെയ്തെയ് വിഭാഗത്തിൽപ്പെട്ട ഋഷികാന്ത സിങ് എന്ന യുവാവിനെയാണ് കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പുരിൽ വെടിവെച്ചു കൊലപ്പെടുത്തിയത്. കുക്കി വിഭാഗത്തിൽപ്പെട്ട തന്റെ ഭാര്യയെ കാണാനെത്തിയതായിരുന്നു കാക്ചിംഗ് സ്വദേശിയായ ഋഷികാന്ത. ഇക്കഴിഞ്ഞ 19-ന് നേപ്പാളിൽ നിന്നാണ് ഇദ്ദേഹം മണിപ്പൂരിലെത്തിയത്. ഭാര്യയോടൊപ്പം താമസിക്കുന്നതിനായി കുക്കി വിഭാഗത്തിലെ പ്രാദേശിക നേതാക്കളിൽ നിന്ന് ഇദ്ദേഹം മുൻകൂട്ടി അനുവാദം വാങ്ങിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം വൈകിട്ടോടെ ആയുധധാരികളായ ഒരു സംഘം വാഹനത്തിലെത്തി ഋഷികാന്തയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഭാര്യയെ വിട്ടയച്ചെങ്കിലും ഋഷികാന്തയെ സംഘം വെടിവെച്ചു കൊന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അക്രമിസംഘം മൊബൈലിൽ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ പരസ്പരം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കാറില്ലെങ്കിലും, ഭാര്യയെ കാണാനുള്ള അതിയായ ആഗ്രഹമാണ് ഋഷികാന്തയെ ചുരാചന്ദ്പുരിലേക്ക് എത്തിച്ചത്.
ഈ ദാരുണമായ സംഭവം മണിപ്പൂരിൽ വീണ്ടും വലിയ തോതിലുള്ള സംഘർഷ സാധ്യതകൾക്ക് വഴിതുറന്നിരിക്കുകയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെതിരെ മെയ്തെയ് വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനായി സുരക്ഷാ സേന ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ ഒഴുകുന്നത് രാജ്യവ്യാപകമായി വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
Tensions escalated in Manipur after a Meitei man, Rishikanta Singh from Kakching, was kidnapped and shot dead in the Kuki-dominated Churachandpur district. Rishikanta had recently returned from Nepal to visit his wife, who belongs to the Kuki community, after reportedly obtaining permission from local leaders. However, an armed group abducted the couple, later releasing the wife but executing Rishikanta and circulating the video online. This incident has reignited fears of renewed ethnic violence in the state.