ജയ്പൂർ: ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു വിദേശ വനിതയ്ക്ക് രാജസ്ഥാനിലെ ഒരു ഗ്രാമീണ കുടുംബം നൽകിയ ഊഷ്മളമായ സ്വീകരണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Meike Hijman Dutch Traveller Rajasthan). ഡച്ച് സഞ്ചാരിയായ മൈകെ ഹിജ്മാൻ ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചത്. താമസിക്കാൻ ഒരിടം തിരഞ്ഞെത്തിയ മൈകെയെ സ്വന്തം മകളെപ്പോലെ സ്വീകരിച്ച ഇന്ത്യൻ അമ്മയുടെ ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
തന്റെ പക്കൽ ടെന്റ് ഉണ്ടെന്നും എന്നാൽ വിലകൂടിയ സൈക്കിളും ഉപകരണങ്ങളും ഉള്ളതിനാൽ പുറത്ത് താമസിക്കുന്നത് സുരക്ഷിതമാകുമോ എന്ന് പേടിയുണ്ടെന്നും ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ സഹായത്തോടെ മൈകെ ഗ്രാമീണരെ അറിയിക്കുകയായിരുന്നു. ഇത് കേട്ട ഉടൻ തന്നെ പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച ഒരു സ്ത്രീ മൈകെയുടെ കൈപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
രാത്രി താമസിക്കാൻ മുറി നൽകിയതിനൊപ്പം സ്നേഹപൂർവ്വം ഭക്ഷണവും ആ കുടുംബം വിളമ്പി. രാജസ്ഥാനിലെ ജനങ്ങൾ വളരെ ദയാലുക്കളാണെന്നും താൻ അവിടെ മികച്ച സമയമാണ് ചെലവഴിച്ചതെന്നും മൈകെ കുറിച്ചു. “ഗ്രാമീണ ഇന്ത്യയിൽ താമസിക്കാൻ ഇടം ചോദിച്ചപ്പോൾ ഒരു ഇന്ത്യൻ അമ്മ എന്നെ ദത്തെടുത്തു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഏകദേശം ആറ് ലക്ഷത്തോളം ആളുകൾ കണ്ട വീഡിയോയ്ക്ക് താഴെ ഇന്ത്യൻ ആതിഥ്യമര്യാദയെ പുകഴ്ത്തിക്കൊണ്ട് നിരവധി പേർ രംഗത്തെത്തി. “ഇന്ത്യയിൽ അമ്മ എല്ലാവർക്കും അമ്മയാണ്” എന്നും, “ഇന്ത്യയിലെ ഏത് ഗ്രാമത്തിലും നിങ്ങൾക്ക് സൗജന്യമായി താമസസൗകര്യം ലഭിക്കും” എന്നും ഉപയോക്താക്കൾ കമന്റ് ചെയ്തു. നേരത്തെ ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്നും സമാനമായ അനുഭവം മൈകെ പങ്കുവെച്ചിരുന്നു.
View this post on Instagram

