
ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ പ്രശസ്തമായ ഒട്ടനവധി ക്ഷേത്രങ്ങൾ ഇന്ത്യയിലുടനീളം ഉണ്ട്. ഭൂതോച്ചാടനത്തിന്റെ പേരിൽ പ്രശസ്തമായൊരു ക്ഷേത്രമുണ്ട് അങ്ങ് രാജസ്ഥാനിൽ. ക്ഷേത്ര പുരോഹിതർ ഭൂതോച്ചാടനം ഇന്നും നടത്തുന്ന മെഹന്ദിപൂർ ക്ഷേത്രം (Mehandipur Balaji Temple). രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് മെഹന്ദിപൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീരാമന്റെ പരമഭക്തനായ ഹനുമാൻ സ്വാമിക്കയാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ദുരാത്മാക്കളുടെ ബാധയൊഴിപ്പിക്കൽ, മന്ത്രവാദം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ ക്ഷേത്രം. ദുരാത്മാക്കളുടെ പിടിയിൽ നിന്നും മോചനം നേടാനും ഹനുമാൻ സ്വാമിയുടെ ദർശനത്തിനുമായി ഇവിടേക്ക് എത്തുന്നത് നിരവധി വിശ്വാസികളാണ്.
ഭൂതോച്ചാടനത്തിനു പേരുകേട്ട ഈ ക്ഷേത്രം പുറംരാജ്യങ്ങളിലും ഏറെ പ്രശസ്തമാണ്. വിശദീകരിക്കാനാകാത്ത ആത്മീയ അസ്വസ്ഥതകൾ, രോഗങ്ങൾ, അമാനുഷിക ക്ലേശങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മന്ത്രവാദം എന്നിവയിൽ നിന്ന് ആശ്വാസം തേടുന്നവർ എന്നിങ്ങനെ മോചനത്തിന്റെയും ശാന്തിയുടെയും പ്രതീക്ഷയിൽ ക്ഷേത്രത്തിലേക്ക് എത്തുന്നവർ നിരവധിയാണ്. മെഹന്ദിപൂർ ക്ഷേത്രം ദർശനം നടത്തിയാൽ തന്നെ ദുരാത്മാക്കളുടെ ശല്യം അകലുമെന്നാണ് വിശ്വാസം. ഇങ്ങനെ നൂറുക്കണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. ഇന്ത്യയിലെ ഭൂതോച്ചാടനത്തിന് മെഹന്ദിപൂർ ക്ഷേത്രത്തിന് അപ്പുറം മറ്റൊരു ക്ഷേത്രമില്ല എന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിൽ ഹനുമാൻ സ്വാമിയുടെ ബാലരൂപത്തെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിനാൽ തന്നെ ബാലാജി എന്നാണ് ഹനുമാൻ സ്വാമിയേ വിശേഷിപ്പിക്കുന്നത്.
ഹനുമാൻ സ്വാമിയേ കൂടാതെ പ്രേത് രാജ്, ഭൈരവൻ എന്നിങ്ങനെ രണ്ടു ദൈവങ്ങളെ കൂടി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഹനുമാന്റെ വിഗ്രഹം സ്വയംഭുവാണ് എന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭൂതപ്രേതങ്ങളെ അകറ്റുവാൻ മന്ത്രങ്ങള്‍ ഉരുവിടാറുണ്ടത്രെ. ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത ഇവിടുത്തെ വിചിത്ര ആചാരങ്ങളാണ്. തിളച്ച വെള്ളം സ്വയം ഒഴിക്കുക, ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ തൂങ്ങിക്കിടക്കുക, സ്വയം ചങ്ങലയ്ക്കിടുക, ക്ഷേത്ര ചുമരിൽ തലയടിച്ച് പൊട്ടിക്കുക. കേട്ടാൽ ആരെയും അമ്പരപ്പിക്കുന്നതാണ് ഇവിടുത്തെ ആചാരങ്ങൾ. ക്ഷേത്രത്തിലെ ഹനുമാന്റെ വിഗ്രഹത്തിലെ ഇടതു നെഞ്ചിലായി ഒരു ദ്വാരമുണ്ട്, ഇതിലൂടെ തുടർച്ചയായി നിർ ഒഴുകുന്നത് കാണുവാൻ സാധിക്കുന്നു. ഇത് ഹനുമാൻ സ്വാമിയുടെ വിയര്‍പ്പാണെന്നാണ് എന്നാണ് വിശ്വാസം.
ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർ ഒരാഴ്ചത്തേക്ക് മുട്ട, മാംസം, മദ്യം, വെളുത്തുള്ളി, ഉള്ളി എന്നിവ വർജ്ജിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെത്തുന്ന എല്ലാ വിശ്വാസികളും ഇത് പാലിക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേമായ സവിശേഷത ഇവിടെ പ്രസാദ നിവേദ്യമില്ലായെന്നതാണ്. മാത്രവുമല്ല ക്ഷേത്രം സന്ദർശിക്കുന്ന വിശ്വാസികൾ മറ്റാരുടെയും കൈയിൽ നിന്നും പ്രസാദം വാങ്ങുകയോ കഴിക്കുകയോ പാടുള്ളതല്ല. ക്ഷേത്രത്തിൽ നിന്നും പ്രസാദം വീട്ടിലേക്ക് കൊണ്ടുപോകാൻ പാടില്ല. ഇങ്ങനെയൊക്കെ ചെയ്താൽ ദുരാത്മാക്കൾ പിന്നാലെകൂടും എന്നാണ് വിശ്വാസം. ക്ഷേത്രത്തിൽ നിന്നും ഭക്തർ വിട്ടിറങ്ങിയാൽ പിന്നെ തിരഞ്ഞു നോക്കരുത്ത്, ഇത് കര്‍ശനമായും പാലിക്കേണ്ടതുണ്ട്. തിരിഞ്ഞു നോക്കിയാൽ ദുരാത്മാക്കൾ പിന്നാലെ കൂടും എന്നാണ് വിശ്വാസം.
Summary: The Mehandipur Balaji Temple in Rajasthan is one of India’s most mysterious temple, dedicated to Lord Hanuman. Temple is renowned for rituals of exorcism. Devotees believe the temple frees people from evil spirits, curses, and dark influences through unique and intense ceremonies.