ചെന്നൈ: തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.(Medical student dies after car carrying medical students crashes into lorry in Chennai)
ക്രോംപേട്ട് ബാലാജി മെഡിക്കൽ കോളജിലെ നാലാം വർഷ വിദ്യാർഥിനിയും വെല്ലൂർ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ (21) ആണ് മരിച്ചത്. മിസ്ബ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10 വിദ്യാർഥികൾ രണ്ട് കാറുകളിലായി മഹാബലിപുരത്ത് പോയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് അപകടം. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.