ചെന്നൈ: പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് തമിഴ്നാട് സർക്കാർ വിജ്ഞാപനമിറക്കി. ഒരു വർഷത്തേക്കാണ് നിരോധനം. പച്ച മുട്ട ചേർത്ത മയോണൈസ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മയോണൈസിന്റെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് സർക്കാർ വിജ്ഞാപനമിറക്കിയത്.
സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പച്ച മുട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യവിഷബാധയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. നിയമലംഘകർക്ക് പിഴ, ലൈസൻസ് റദ്ദാക്കൽ അല്ലെങ്കിൽ നിയമപ്രകാരമുള്ള നിയമനടപടി എന്നിവ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നേരിടേണ്ടിവരും. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.