ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ പോലീസ് നിയമനടപടി ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനെന്ന പേരിൽ നടത്തിയ ഈ ക്രൂരത രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അധികൃതർ നടപടി കടുപ്പിച്ചത്.(Massacre of stray dogs in Telangana, Case filed against 15 people)
കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ, നായ്ക്കളില്ലാത്ത ഗ്രാമം സൃഷ്ടിക്കുമെന്നും വന്യമൃഗ ശല്യം ഒഴിവാക്കുമെന്നും ചില സ്ഥാനാർത്ഥികൾ വാഗ്ദാനം നൽകിയിരുന്നു. ഇത് നടപ്പിലാക്കാനാണ് വിഷം കൊടുത്തും കുത്തിവെയ്പ്പ് നൽകിയും നായ്ക്കളെ കൊന്നൊടുക്കിയത്.
ഭവാനിപ്പേട്ട്, പൽവാഞ്ച, ഫരീദ്‌പേട്ട് തുടങ്ങിയ ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200-ലധികം നായ്ക്കൾ കൊല്ലപ്പെട്ടു. ഹൻമകൊണ്ടയിൽ മാത്രം 110 നായ്ക്കളുടെ ജഡങ്ങൾ കുഴിച്ചെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. ജഗ്തിയാൽ ജില്ലയിലെ ധർമ്മപുരിയിൽ നായയ്ക്ക് വിഷം കുത്തിവെയ്ക്കുന്നതും നിമിഷങ്ങൾക്കകം അത് ചത്തു വീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായി.
മൃഗക്ഷേമ പ്രവർത്തകൻ ആടുലാപുരം ഗൗതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 325 പ്രകാരവും, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. ശ്യാംപേട്ട്, അരെപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15 പേർ പ്രതിപ്പട്ടികയിലുണ്ട്.