ബെംഗളൂരു: കർണാടകയിലെ യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയേറ്റമാരോപിച്ച് നാനൂറോളം വീടുകൾ അധികൃതർ പൊളിച്ചുനീക്കി. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ആരംഭിച്ച ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നടപടിയിൽ 350-ലധികം കുടുംബങ്ങളാണ് ഭവനരഹിതരായത്. ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ താമസക്കാരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.(Mass demolition in Karnataka, Around 400 houses demolished)
യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു. നാല് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് വീടുകൾ തകർത്തത്. സുരക്ഷയ്ക്കായി 150-ഓളം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. ഹൈദരാബാദ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ദുർവിഷ് സമുദായത്തിൽപ്പെട്ടവരാണ് ഇവരിലധികവും. 25 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്ന തങ്ങൾക്ക് ആധാർ, വോട്ടർ ഐഡി രേഖകളുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
മരവിപ്പിക്കുന്ന തണുപ്പിൽ 3,000-ത്തോളം പേർ തെരുവിലായി. ഉർദു ഗവൺമെന്റ് സ്കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള സർക്കാർ ഭൂമി കൈയേറിയാണ് വീടുകൾ നിർമ്മിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനുമതിയില്ലാത്ത നിർമ്മാണങ്ങൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ കർണാടക സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ യു. നിസാർ അഹമ്മദ് പ്രദേശം സന്ദർശിച്ചു. ചേരി ഒഴിപ്പിക്കലിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിന് അദ്ദേഹം ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. ഇരകളുടെ പരാതികൾ കേട്ട അദ്ദേഹം, വിഷയം പരിഹരിക്കാൻ കമ്മീഷൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.