
ചണ്ഡീഗഡ്: വിവാഹാഭ്യാർഥന നിരസിച്ചതിന് സഹോദരിമാരായ പെൺകുട്ടികളെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം. ഹരിയാനയിലെ ജിന്ദ് ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം പില്ലു ഖേര ഗ്രാമത്തിലെ റെയിൽവേ ബാരിയറിന് സമീപമാണ് സംഭവം. ഷിനു (25), റിതു (23) എന്നിവർക്ക് നേരെയാണ് സുനിൽ എന്നയാൾ വെടിവച്ചത്. പരിക്കേറ്റ സഹോദരങ്ങളെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിനുവിന്റെയും റിതുവിന്റെയും മൂത്ത സഹോദരിയുടെ ഭർത്താവിന്റെ സഹോദരനാണ് സുനിൽ. റിതുവിനെ വിവാഹം കഴിക്കാൻ സുനിൽ ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബാംഗങ്ങൾ അതിനെ എതിർത്തു. ഇതിൽ പ്രകോപിതനായാണ് അയാൾ രണ്ട് സഹോദരിമാർക്ക് നേരെ വെടിയുതിർത്തുവെന്ന് പോലീസ് പറഞ്ഞു.പ്രതി ഒളിവിലാണ്.