വീട്ടുകാരുടെ സമ്മതമില്ലാതെ ഇഷ്ടവിവാഹം; ദമ്പതികൾക്ക് പൊലീസ് സുരക്ഷ നൽകാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി | Marriage of convenience without family consent

വാദങ്ങൾ പരിശോധിച്ച് ഹർജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് നിരീക്ഷിച്ച കോടതി റിട്ട് ഹർജി തീർപ്പാക്കി
Court
Published on

ലഖ്നൗ: മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നവർക്ക് പൊലീസ് സുരക്ഷ ഒരുക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാർഥത്തിൽ ഭീഷണിയില്ലെങ്കിൽ പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് സംരക്ഷണം വേണമെന്നും ആരും തങ്ങളുടെ സമാധാനപരമായ ജീവിതത്തിൽ ഇടപെടരുതെന്ന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ശ്രേയ കേസർവാനി എന്ന യുവതിയും ഭർത്താവും സമർപ്പിച്ച ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി. വാദങ്ങൾ പരിശോധിച്ച ശേഷം, ഹർജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ റിട്ട് ഹർജി തീർപ്പാക്കി.

അർഹമായ കേസിൽ ദമ്പതികൾക്ക് സുരക്ഷ നൽകാൻ കോടതിക്ക് കഴിയുമെന്നും എന്നാൽ ഭീഷണിയുടെ അഭാവത്തിൽ ദമ്പതികൾ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ അഭിമുഖീകരിക്കാനും പഠിക്കണമെന്നും ഉത്തരവിൽ പറയുന്നു. "സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ പോയവർക്ക് സംരക്ഷണം നൽകാൻ കോടതികൾ ഉദ്ദേശിച്ചിട്ടില്ലെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകുന്നതിന് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യമില്ല." - എന്ന് കോടതി വ്യക്തമാക്കി.

ഹർജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന നിഗമനത്തിലെത്താൻ യാതൊരു കാരണവും ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ബന്ധുക്കൾ ഹർജിക്കാരെ ശാരീരികമോ മാനസികമോ ആയി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് തെളിയിക്കാൻ തക്കവിധം തെളിവിന്റെ ഒരു കണിക പോലുമില്ലെന്നും കോടതി പറഞ്ഞു.

കൂടാതെ, കുടുംബക്കാരുടെ നിയമവിരുദ്ധമായ പെരുമാറ്റത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് ഹർജിക്കാർ പരാതി സമർപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചിത്രകൂട് ജില്ലയിലെ പൊലീസ് സൂപ്രണ്ടിന് ഹർജിക്കാർ ഒരു പരാതി സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഭീഷണിയെന്തെങ്കിലും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയാൽ നിയമപ്രകാരം ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും പറഞ്ഞു. ആരെങ്കിലും മോശമായി പെരുമാറുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താൽ കോടതികളും പൊലീസ് അധികാരികളും രക്ഷിക്കാൻ എത്തുമെന്നും ജഡ്ജി വ്യക്തമാക്കി. നിലവിൽ ഹർജിക്കാർക്ക് സുരക്ഷക്ക് പോലീസിനെ അവകാശപ്പെടാൻ കഴിയില്ലെന്നും വ്യക്തമാക്കി കോടതി ഹർജി തീർപ്പാക്കി.

Related Stories

No stories found.
Times Kerala
timeskerala.com