Sunday, February 8, 2026
HomeNationalവികസിത് ഭാരത് ലക്ഷ്യത്തിനു സമുദ്ര മേഖല നിര്‍ണായകം: ശ്യാം ജഗന്നാഥന്‍

വികസിത് ഭാരത് ലക്ഷ്യത്തിനു സമുദ്ര മേഖല നിര്‍ണായകം: ശ്യാം ജഗന്നാഥന്‍

കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ സമുദ്ര മേഖല നിര്‍ണായക പങ്ക് വഹിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ പറഞ്ഞു. കൊച്ചിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എഞ്ചിനീയേഴ്സ് ഓഫ് ഇന്ത്യയുടെ (ഐഎംഇഐ) പരിപാടിയായ കൊച്ചിന്‍ മറൈന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്സിത് ഭാരത് 2047 എന്ന ദേശീയ ദര്‍ശനത്തിന്റെ ഭാഗമായി ബ്ലൂ ഇക്കണോമി അടിസ്ഥാന സൗകര്യ വികസനത്തിനും ആഗോള മത്സര ശേഷിക്കും സ്ഥിരതയുള്ള വളര്‍ച്ചക്കും പ്രധാന ശക്തിയായി മാറിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 90 ശതമാനത്തിലധികവും കടല്‍ മാര്‍ഗങ്ങളിലൂടെയാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1,520ലധികം മര്‍ച്ചന്റ് കപ്പലുകളും 13 ദശലക്ഷത്തിലധികം ഗ്രോസ് ടണ്ണേജ് ശേഷിയുമുള്ള ഇന്ത്യ ആഗോള ഷിപ്പിംഗ് മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മ്മാണം, ലോജിസ്റ്റിക്സ്, പുതുക്കാവുന്ന ഊര്‍ജം, അനുബന്ധ സമുദ്ര വ്യവസായങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള നിരവധി പദ്ധതികളുടെ പിന്തുണയോടെ ഇന്ത്യ ബ്ലൂ ഇക്കണോമിയില്‍ ആഗോള നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുകയാണെന്നും ശ്യാം ജഗന്നാഥന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ലക്ഷ്യം ഇന്ത്യയെ ആഗോള തലത്തില്‍ മുന്‍നിര 10 കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. നിലവിലെ 30,000 ജിടി ശേഷി 5 ലക്ഷം ജിടിയിലേയ്ക്ക് ഉയര്‍ത്താനും പ്രധാന തുറമുഖങ്ങളില്‍ 60 ശതമാനത്തിലധികം പുതുക്കാവുന്ന ഊര്‍ജ ഉപയോഗം ഉറപ്പാക്കാനുമാണ് പദ്ധതി.

ആഗോള കപ്പല്‍ പുനര്‍സംസ്‌കരണ ടണ്ണേജിന്റെ 30-35 ശതമാനം ഇന്ത്യ കൈകാര്യം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ ഇരുമ്പ് സ്‌ക്രാപ് ആവശ്യത്തിന്റെ 20-25 ശതമാനം ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും ഗുജറാത്തിലെ അലാങ്‌സോസിയയില്‍ ഉള്ള 115 ഹോങ്കോംഗ് കണ്‍വെന്‍ഷന്‍ അനുസൃത യാര്‍ഡുകള്‍ ഗ്രീന്‍ സ്റ്റീല്‍ മേഖലയെയും വലിയ തോതിലുള്ള തൊഴില്‍ സൃഷ്ടിയെയും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ച്ചയായ പരിഷ്‌കാരങ്ങളും അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും ഹരിത പദ്ധതികളും വഴി വിക്സിത് ഭാരത് 2047 ലക്ഷ്യം കൈവരിക്കുന്നതില്‍ സമുദ്ര മേഖല നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates