

മഹാരാഷ്ട്ര: നെറ്റ്ഫ്ലിക്സ് സീരീസായ 'ജംതാര 2' (Jamtara 2) ലൂടെ ശ്രദ്ധേയനായ മറാത്തി നടൻ സച്ചിൻ ചന്ദ്‌വാദേ (25) ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ജൽഗാവിന് സമീപം പരോലയിലുള്ള വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സച്ചിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബക്കാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 01:30 ഓടെ സച്ചിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നടൻ എന്നതിലുപരി പുണെയിലെ ഐ.ടി. പാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൂടിയായിരുന്നു സച്ചിൻ. കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു സിനിമ.2022 സെപ്റ്റംബർ 23-ന് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ 'ജംതാര 2' എന്ന സീരീസിലാണ് സച്ചിൻ ശ്രദ്ധേയമായ വേഷം ചെയ്തത്.'അസുർവൻ' (Asurvan) എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കാനിരിക്കെയാണ് താരം ജീവനൊടുക്കിയത്. ഈ ചിത്രത്തിൻ്റെ പോസ്റ്ററുകൾ കഴിഞ്ഞയാഴ്ച അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുളളപ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056)