ന്യൂഡൽഹി: മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ഗ്രൂപ്പുകൾ സായുധ പോരാട്ടം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചു. 2026 ഫെബ്രുവരി 15 വരെ കീഴടങ്ങലിനായി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും മൂന്ന് സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഇവർ കത്തയച്ചു.(Maoists seek time to end armed conflict, sends letter)
മാവോയിസ്റ്റ് സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്താണ് കത്ത് നൽകിയത്. നക്സലിസം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ നിർണായക നീക്കം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണ് കീഴടങ്ങാൻ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായി, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർക്കാണ് കത്ത് നൽകിയത്. സായുധ പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങുന്നതിനായി 2026 ഫെബ്രുവരി 15 വരെ സമയം അനുവദിക്കണമെന്ന് ഇതിൽ പറയുന്നു.
നിലവിൽ നടന്നു വരുന്ന മാവോയിസ്റ്റ് വിരുദ്ധ വേട്ട താൽക്കാലികമായി അവസാനിപ്പിക്കണം. പാർട്ടി സെൻട്രൽ കമ്മിറ്റി, പോളിറ്റ്ബ്യൂറോ അംഗം സോനുവിൻ്റെ (മാല്ലോജൂല വേണുഗോപാൽ റാവു) സായുധ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.
രാജ്യത്തേയും ലോകത്തേയും സാഹചര്യങ്ങൾ മാറുന്ന പശ്ചാത്തലത്തിലാണ് ആയുധം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് കത്ത് വിശദമാക്കുന്നു. "പാർട്ടിയെ സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച മാർഗമായി ആയുധം ഉപേക്ഷിക്കുന്നതിനെ കാണുന്നു" എന്നാണ് മാവോയിസ്റ്റ് നേതാവായ സോനുവിനെ ഉദ്ധരിച്ച് കത്തിൽ പറയുന്നത്. പലയിടങ്ങളിലായി പ്രവർത്തിക്കുന്ന മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ സന്ദേശമെത്തിച്ച് ബോധ്യപ്പെടുത്താനാണ് ഈ സമയം ആവശ്യപ്പെടുന്നതെന്നും കത്ത് വ്യക്തമാക്കുന്നു. തീരുമാനത്തെ അംഗീകരിക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 2 ന് ആചരിക്കാറുള്ള പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (PLGA) വാരം ഈ വർഷം ആഘോഷിക്കില്ലെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് പാർട്ടി നേതാവായ സോനു മഹാരാഷ്ട്രയിൽ കീഴടങ്ങിയത്. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി നിരവധി മാവോയിസ്റ്റുകൾ അടുത്തിടെയായി കീഴടങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ച നക്സൽ നേതാവായ മാധവി ഹ്ദ്മ ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് മൂന്ന് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ ഈ നിർണായകമായ തീരുമാനം.