

മംഗളൂരു: ഗെരുക്കാട്ടെയിൽ ക്ഷേത്രദർശനത്തിന് പോയ സ്കൂൾ വിദ്യാർത്ഥി സുമന്തിന്റെ (15) മരണം ആസൂത്രിത കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സാംബോല്യ ബാരാമേലുവിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണം.
ഗെരുക്കാട്ടെ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിയും സുബ്രഹ്മണ്യ നായിക്കിന്റെ മകനുമായ സുമന്തിനെ ബുധനാഴ്ച പുലർച്ചെയാണ് കാണാതായത്. ധനുമാസ ആചാരങ്ങളുടെ ഭാഗമായി പുലർച്ചെ 4.30-ഓടെ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് പോയതായിരുന്നു സുമന്ത്. തിരികെ എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് 500 മീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.
മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് മൂന്ന് തവണ മാരകമായി പ്രഹരമേറ്റതായി മംഗളൂരു വെൻലോക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കുളത്തിലേക്ക് തള്ളിയതാകാനാണ് സാധ്യത. ശ്വാസകോശത്തിൽ വെള്ളം കയറിയതായും കണ്ടെത്തിയിട്ടുണ്ട്.
പെട്ടെന്നുണ്ടായ ആക്രമണമായതിനാൽ കുട്ടിയക്ക് ചെറുത്തുനിൽക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ടെത്തുമ്പോഴും കാലിൽ ചെരിപ്പുകൾ ഉണ്ടായിരുന്നു എന്നത് ഈ സാധ്യത വർദ്ധിപ്പിക്കുന്നു.കുട്ടി പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് പ്രദേശത്ത് ചിലർ ബോധപൂർവ്വം അഭ്യൂഹങ്ങൾ പടർത്തിയിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകം മറച്ചുവെക്കാനാണോ ഇത്തരം പ്രചാരണങ്ങൾ നടന്നതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ബെൽത്തങ്ങാടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നാല് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ വ്യക്തിവൈരാഗ്യങ്ങളോ മറ്റെന്തെങ്കിലും കാരണങ്ങളോ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.