ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലെ വി.വി.ഐ.പി. പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വലിയ സുരക്ഷാ വീഴ്ച. ടാക്സി ഡ്രൈവറായ യുവാവ് വടിവാൾ വീശി പരാക്രമം നടത്തുകയും വി.വി.ഐ.പി. മേഖലയിലേക്ക് ഓടിക്കയറുകയും ചെയ്തു.(Man with weapon rushed into the VVIP area during a fight between taxi drivers at Bengaluru airport)
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. രണ്ട് ടാക്സി ഡ്രൈവർമാരെ കത്തി ഉപയോഗിച്ച് ആക്രമിച്ചതിന് ശേഷമാണ് പ്രതി വടിവാളുമായി വി.വി.ഐ.പി. മേഖലയിലേക്ക് ഓടിക്കയറിയത്. ഉടൻ തന്നെ വിമാനത്താവള സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി കീഴടക്കി.
ഈ ശ്രമത്തിനിടെ ഒരു സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനും പരിക്കേറ്റു. കേസുമായി ബന്ധപ്പെട്ട് ജയനഗർ സ്വദേശിയായ ടാക്സി ഡ്രൈവർ സുഹൈൽ അറസ്റ്റിലായി. തിരക്കേറിയ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ, പ്രത്യേകിച്ച് വി.വി.ഐ.പി. മേഖലയിൽ, ഇത്തരമൊരു സംഭവം നടന്നത് സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.