ചെന്നൈ: തിരുത്തണിയിൽ സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി. ഗണേശന്റെ മരണത്തിൽ മക്കളടക്കമുള്ള പ്രതികൾ പിടിയിൽ. ഗണേശന്റെ മക്കളായ ജി. മോഹൻ രാജ്, ഹരിഹരൻ എന്നിവരും ഇവർക്ക് സഹായം നൽകിയ വാടകഗുണ്ടാ സംഘങ്ങളുമാണ് അറസ്റ്റിലായത്. ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.(Man was bitten to death by a snake for insurance money, 5 people arrested)
ഗണേശന്റെ പേരിൽ മാത്രം മൂന്ന് ഇൻഷുറൻസ് പോളിസികളിലായി ഏകദേശം 3 കോടി രൂപ ഉണ്ടായിരുന്നു. കുടുംബത്തിന് മൊത്തത്തിൽ 13 ഇൻഷുറൻസ് പോളിസികളാണ് ഉണ്ടായിരുന്നത്. പിതാവ് മരിച്ചതിന് തൊട്ടുപിന്നാലെ ഇൻഷുറൻസ് തുകയ്ക്കായി മക്കൾ അസാധാരണമായ ധൃതി കാണിച്ചു. ഇതിൽ സംശയം തോന്നിയ ഇൻഷുറൻസ് കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഗൂഢാലോചനയുടെ ഭാഗമായി ആദ്യം ഒരു മൂർഖൻ പാമ്പിനെ എത്തിച്ച് ഗണേശന്റെ കാലിൽ കടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഒക്ടോബർ 22-ന് പുലർച്ചെ വീണ്ടും വിഷപ്പാമ്പിനെ എത്തിച്ചു. ഇത്തവണ ഉറങ്ങിക്കിടന്നിരുന്ന ഗണേശന്റെ കഴുത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു.
കടിയേറ്റതിന് പിന്നാലെ ബഹളം വെച്ച മക്കൾ ആ പാമ്പിനെ തല്ലിക്കൊന്ന് തെളിവ് നശിപ്പിച്ചു. ഗണേശനെ ആശുപത്രിയിലെത്തിക്കുന്നത് മനഃപൂർവ്വം വൈകിപ്പിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പാമ്പിനെ കൈമാറിയവരിലേക്കും ഗുണ്ടാസംഘത്തിലേക്കും പോലീസ് എത്തിച്ചേരുകയായിരുന്നു.