
ലക്നോ : യുപിയിലെ അസംഗഢിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവച്ച് മരിച്ചു. വാരണാസിയിലെ ഒരു ഇന്ധന പമ്പിൽ ജോലി ചെയ്തിരുന്ന നീരജ് പാണ്ഡെ എന്നയാളാണ് കൊലപാതകം നടത്തിയത്.
തിങ്കളാഴ്ച അസംഗഡിലെ ചക്കിയ മുസ്തഫാബാദ് ഗ്രാമത്തിലുള്ള നീരജ് പാണ്ഡെയുടെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്.ഉച്ചകഴിഞ്ഞ് വീട്ടിൽ വലിയ വഴക്കുണ്ടായതിനെ തുടർന്ന് പ്രകോപിതനായ നീരജ്, അമ്മ ചന്ദ്രകലയ്ക്കും നാല് വയസുള്ള മകൻ സാർത്തക്കിനും മകൾ സുഭിക്കും നേരെ നിറയൊഴിക്കുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം വെടിവെച്ചു മരിച്ചു.
ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. ഉടൻ തന്നെ നാലുപേരെയും ആശുപത്രിയിൽ എത്തിച്ചു. നീരജ്, ചന്ദ്രകല, സാർത്ഥക് എന്നിവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സുഭിയുടെ നില ഗുരുതരമാണെന്നും ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തിട്ടുണ്ട്. സംഭവ സമയം നീരജിന്റെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല.