മുസാഫർനഗർ: കാലം വിധി എഴുതിയ മരണത്തെ തോൽപ്പിച്ച്, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരാൾ തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ അമ്പരപ്പിലാണ് ഉത്തർപ്രദേശിലെ ഖതൗലി ഗ്രാമം. 1997-ൽ നാടുവിട്ട ഷരീഫ് എന്ന വ്യക്തിയാണ് 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ബന്ധുക്കൾക്ക് മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്.(Man returns home after 28 years, presumed dead)
1997-ൽ ആദ്യ ഭാര്യയുടെ മരണത്തിന് ശേഷമാണ് ഷരീഫ് പശ്ചിമ ബംഗാളിലേക്ക് താമസം മാറുന്നത്. അവിടെ വെച്ച് രണ്ടാമത് വിവാഹം കഴിച്ച അദ്ദേഹം പിന്നീട് ബംഗാളിലെ ജീവിതത്തിൽ മുഴുകി. തുടക്കത്തിൽ ലാൻഡ്‌ലൈൻ ഫോണുകൾ വഴി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കാലക്രമേണ ആശയവിനിമയം പൂർണ്ണമായും നിലച്ചു.
ഷരീഫിനെ കണ്ടെത്താൻ ബന്ധുക്കൾ പശ്ചിമ ബംഗാളിലെ ഖരഗ്‌പൂർ, അസൻസോൾ എന്നിവിടങ്ങളിൽ 20 വർഷത്തോളം തിരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ഒരു വിവരവും ലഭിക്കാതെ വന്നതോടെ ഷരീഫ് മരിച്ചുവെന്ന് കുടുംബം വിശ്വസിക്കുകയും ആ അധ്യായം അവസാനിപ്പിക്കുകയും ചെയ്തു.
വർഷങ്ങൾക്കിപ്പുറം കഴിഞ്ഞ ദിവസമാണ് ഖതൗലിയിലെ മോഹല്ല ബൽക്കാമിലെ വീട്ടിലേക്ക് ഷരീഫ് നടന്നെത്തിയത്. മുന്നിൽ നിൽക്കുന്നത് തന്റെ അമ്മാവനാണെന്ന് വിശ്വസിക്കാൻ അനന്തരവൻ മുഹമ്മദ് അക്ലിമിനും മറ്റ് ബന്ധുക്കൾക്കും ആദ്യം കഴിഞ്ഞില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതെന്ന് ഷരീഫ് പറഞ്ഞു.
സർക്കാർ രേഖകൾ ശരിയാക്കുന്നതിനായുള്ള നിബന്ധനകളാണ് ഷരീഫിനെ വീണ്ടും നാട്ടിലെത്തിച്ചത്. തന്റെ പ്രിയപ്പെട്ട പലരും ഇതിനിടയിൽ മരിച്ചുപോയ വിവരം അദ്ദേഹം വിങ്ങലോടെയാണ് കേട്ടത്. നിലവിൽ രേഖകൾ ശേഖരിച്ച ശേഷം ബംഗാളിലുള്ള തന്റെ ഭാര്യയ്ക്കും മക്കൾക്കും അടുത്തേക്ക് അദ്ദേഹം മടങ്ങിയിട്ടുണ്ട്.