

മുംബൈ: വികാരങ്ങളും വേദനകളും സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട്. എന്നാൽ സമൂഹം അവരെ നിശബ്ദമായി വേദനിക്കാനാണ് പഠിപ്പിച്ചത് എന്ന് തോന്നി പോകും ചിലപ്പോൾ. ഉറക്കെ കരയുന്നതും വികാരങ്ങൾ പ്രകടിപ്പിക്കുന്നതും ബലഹീനതയുടെ ലക്ഷണങ്ങളാണ് എന്ന് അവർ പോലും അറിയാതെ അവരെ ഈ ലോകം പഠിപ്പിച്ചു. ഇന്ന് നിശബ്ദമായി തന്റെ വേദനകൾ ഉള്ളിലൊതുക്കി റെയിൽവേ സ്റ്റേഷനിൽ ഇരുന്നു കരയുന്ന ഒരാളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. (Railway Station)
മുംബൈയിലെ ബോറിവലി റെയിൽവേ സ്റ്റേഷനിൽ നിന്ന് തിലക് ദുബെ എന്നയാൾ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറുന്നു. വൈകാരികമായ ഒരു അനുഭവം പങ്കുവെക്കുകയായിരുന്നു തിലക്. പുരുഷന്മാരും പലപ്പോഴും നിശബ്ദമായി കരയുമെന്നും അവർക്കും പരിഗണനയും പിന്തുണയും ആവശ്യമാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ കുറിപ്പ്. ട്രെയിനിൽ കയറാൻ കഴിയാത്തതിനെ തുടർന്ന് തിലക് ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമിൽ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് തല കുനിച്ച്, കണ്ണുകൾ നിറഞ്ഞിരിക്കുന്ന ഒരാളിലേക്ക് ശ്രദ്ധ തിരിഞ്ഞത്.
അയാൾ ഉറക്കെ കരയുകയായിരുന്നില്ല, പക്ഷേ എന്തോ ഒരു വലിയ ദുഃഖത്തോട് മല്ലിടുകയാണെന്ന് തിലകിന് തോന്നി. തിലക് അദ്ദേഹത്തെ സമീപിക്കുകയും നിങ്ങൾ ഓക്കെയാണോ എന്ന് ചോദിക്കുകയും ചെയ്തു. മറുപടിയായി, ആ അപരിചിതൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു 'വെറുതെ ഓർമ്മ വന്നു പോയതാണ്. ചോദിച്ചതിന് നന്ദി'. ഒരു നിമിഷത്തിനു ശേഷം ട്രെയിനിനു വേണ്ടിയല്ലാതെ മറ്റെന്തോ ഒന്നിനായി കാത്തിരിക്കുന്നത് പോലെ അദ്ദേഹം ട്രാക്കുകളിലേക്ക് കണ്ണും നട്ട് വീണ്ടും നിശബ്ദനായി.
‘വേദനയുടെ ഏകഭാഷയായി നിശബ്ദത മാറുന്നു’ എന്ന് തിലക് തൻ്റെ പോസ്റ്റിൽ കുറിച്ചു. വികാരങ്ങൾ പ്രകടിപ്പിച്ചാൽ വിധിക്കപ്പെടുമോ എന്ന ഭയം കാരണം പുരുഷന്മാർ എങ്ങനെയാണ് വിഷമങ്ങൾ അടക്കിപ്പിടിക്കുന്നത് എന്നതിൻ്റെ ഉദാഹരണമാണ് ഈ കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ മനുഷ്യന് സമാധാനവും സന്തോഷവും ലഭിക്കട്ടെയെന്ന് തിലക് ദുബെ ആശംസിച്ചു. ആയിരക്കണക്കിന് ആളുകളാണ് ദുബെയുടെ പോസ്റ്റിനോട് പ്രതികരിച്ചത്. മറ്റൊരാളുടെ വേദനയെ തിരിച്ചറിയാൻ കഴിഞ്ഞതിൽ അദ്ദേഹത്തെ പലരും അഭിനന്ദിച്ചു. പുരുഷന്മാർക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സമൂഹം ഇടം നൽകുന്നില്ലെന്ന് കമന്റുകൾ വന്നു.
പുരുഷന്മാരുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് പോസ്റ്റ് വഴി വച്ചത്. തുറന്നുപറച്ചിലിന് കൊതിക്കുന്നവരും സഹാനുഭൂതി ആഗ്രഹിക്കുന്നവരും നമ്മുടെ ഇടയിൽ ധാരാളം ഉണ്ടെന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു. പുരുഷന്മാർക്ക് അവരുടെ പ്രശ്നങ്ങളെ കുറിച്ച് പറയാൻ അവസരം ഒരുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മാനസികാരോഗ്യ പ്രവർത്തകരും ഓർമ്മപ്പെടുത്തുന്നു.