

ഹൈദരാബാദ്: ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തിൽ ഷർട്ടിൽ ചട്ണി വീണതിനെ ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച ശേഷം കുത്തിക്കൊന്നു. കല്യാൺപുരി നിവാസി മുരളി കൃഷ്ണ (45) ആണ് കൊല്ലപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയാണ് മുരളി കൃഷ്ണ.(Man brutally murdered for spilling Chutney on shirt)
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെയും ഒരു പ്രായപൂർത്തിയാകാത്തയാളെയും പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ജുനൈദ് (18), ഷെയ്ഖ് സൈഫുദ്ദീൻ (18), പി. മാണികണ്ഠ (21), കൂടാതെ 16 വയസ്സുള്ള ഒരു ആൺകുട്ടി എന്നിവരാണ് പിടിയിലായത്.
ഹൈദരാബാദിലെ നാച്ചാരം ഏരിയയിലെ ഒരു മൊബൈൽ ടിഫിൻ സെന്ററിൽ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മുരളി കൃഷ്ണയുടെ പ്ലേറ്റിൽ നിന്ന് ചട്ണി അബദ്ധത്തിൽ പ്രതികളിൽ ഒരാളുടെ വസ്ത്രത്തിൽ തെറിച്ചു. ഇത് യുവാക്കൾ ചോദ്യം ചെയ്തപ്പോൾ മുരളി കൃഷ്ണ മോശം വാക്കുകൾ ഉപയോഗിച്ചതോടെ തർക്കം രൂക്ഷമാവുകയായിരുന്നു. ഇതിനെത്തുടർന്ന് ഇവർ പിരിഞ്ഞുപോയി.
തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകാൻ നിന്ന മുരളി കൃഷ്ണയെ പ്രതികൾ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. തുടർന്ന് നാച്ചാരം ഇൻഡസ്ട്രിയൽ ഏരിയയിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും, അവിടെ വെച്ച് രണ്ട് മണിക്കൂറോളം ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
പ്രതികൾ മുരളി കൃഷ്ണയെ ആവർത്തിച്ച് മർദ്ദിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മുരളി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്തുടർന്നെത്തിയ പ്രതികൾ അദ്ദേഹത്തെ നിരവധി തവണ കുത്തി മരണം ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പ്രദേശവാസികളാണ് മുരളി കൃഷ്ണയുടെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ്, മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ച് ചൊവ്വാഴ്ച ഇവരെ മൗലാലിയിൽ നിന്ന് പിടികൂടി.
കൊലപാതകത്തിന് ഉപയോഗിച്ച കാറും ആയുധവും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രായപൂർത്തിയായ മൂന്ന് പ്രതികളെ ചഞ്ചൽഗുഡ ജയിലിൽ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേക്ക് അയച്ചു. ചെറിയൊരു തർക്കം ഇത്തരമൊരു ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത് പ്രദേശവാസികൾക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.