കോയമ്പത്തൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെൽഫിയെടുക്കുകയും ഈ ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശിയായ എസ്. ബാലമുരുഗൻ (32) ആണ് ഭാര്യ ശ്രീപ്രിയയെ (30) അതിക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ കോയമ്പത്തൂർ ഗാന്ധിപുരത്തിന് സമീപം രാജാ നായിഡു സ്ട്രീറ്റിലെ വർക്കിങ് വിമൺസ് ഹോസ്റ്റലിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.(Man arrested for taking selfie with wife's dead body in Coimbatore )
കൊലപാതകത്തിന് ശേഷം ചോരയിൽ കുളിച്ചുകിടന്ന ഭാര്യയുടെ മൃതദേഹത്തിനരികെ നിന്ന് ബാലമുരുഗൻ സെൽഫിയെടുത്തു. ഈ ചിത്രം 'വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം' എന്ന കുറിപ്പോടെ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയതായി പോലീസ് അറിയിച്ചു. തിരുനെൽവേലി സ്വദേശികളായ ബാലമുരുഗനും ശ്രീപ്രിയയും ഏതാനും മാസങ്ങളായി അകന്നുകഴിയുകയായിരുന്നു. നാല് മാസം മുൻപാണ് രണ്ട് കുട്ടികളെയും ഭർത്താവിനെയും വിട്ട് ശ്രീപ്രിയ കോയമ്പത്തൂരിലെത്തിയത്. ഇവിടെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ച യുവതി ഹോസ്റ്റലിലായിരുന്നു താമസം.
പോലീസിന്റെ കണ്ടെത്തലുകൾ അനുസരിച്ച്, ബാലമുരുഗന്റെ അകന്ന ബന്ധുവായ രാജ എന്നയാളുമായി ശ്രീപ്രിയ അടുപ്പത്തിലായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളുമുള്ള വ്യക്തിയാണ് രാജ. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ബാലമുരുഗൻ ശനിയാഴ്ച കോയമ്പത്തൂരിലെത്തി ശ്രീപ്രിയയെ നേരിൽക്കണ്ട് സംസാരിച്ചു. രാജയുമായുള്ള ബന്ധം അവസാനിപ്പിച്ച് തനിക്കൊപ്പം തിരികെ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശ്രീപ്രിയ വിസമ്മതിച്ചു.
ഇതിനിടെ, ബാലമുരുഗൻ ശ്രീപ്രിയയെ കാണാനെത്തിയ വിവരം അറിഞ്ഞ രാജ, ശ്രീപ്രിയയ്‌ക്കൊപ്പമുള്ള ചില സ്വകാര്യചിത്രങ്ങൾ ബാലമുരുഗന് അയച്ചുനൽകി. ഈ ചിത്രങ്ങൾ കണ്ടതോടെ രോഷാകുലനായ ബാലമുരുഗൻ ഞായറാഴ്ച രാവിലെ ഹോസ്റ്റലിൽ തിരിച്ചെത്തി. തുടർന്നുണ്ടായ തർക്കത്തിനിടെ ബാഗിൽ കരുതിയിരുന്ന അരിവാൾ ഉപയോഗിച്ച് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. മാരകമായി വെട്ടേറ്റ ശ്രീപ്രിയ തൽക്ഷണം മരിച്ചു.
പോലീസ് സ്ഥലത്തെത്തുമ്പോൾ പ്രതി ബാലമുരുഗൻ മദ്യലഹരിയിൽ മൃതദേഹത്തിനരികിൽ ഇരിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ്, യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.