
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സ്ത്രീപീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച്ച നിയമസഭ പാസ്സാക്കുമെന്ന് അറിയിച്ചു. മമതയുടെ പ്രഖ്യാപനം ആര്‍ ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കടുക്കുന്നതിനിടെയാണ്.
പീഡന വിരുദ്ധ ബില്‍ പാസാക്കുമെന്ന് പറഞ്ഞ മമത, ബലാത്സംഗക്കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ ബില്ലില്‍ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു.
ഇതിനായി നിയമസഭ വിളിച്ചു ചേർക്കുമെന്നും, ഈ ബിൽ ഗവർണർക്ക് അയക്കുമെന്നും പറഞ്ഞ മമത, ഇത് ഗവർണർ ഒപ്പിട്ടില്ലെങ്കിൽ താൻ രാജ്ഭവന് മുൻപിൽ കുത്തിയിരിക്കുമെന്നും അറിയിച്ചു. അതോടൊപ്പം, പാർട്ടി പ്രവർത്തകരോട് മമത കൊൽക്കത്തയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ഈ മാസം 31നും, സെപ്റ്റംബര്‍ ഒന്നിനും പ്രതിഷേധം സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടു.
സംഭവത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ബി ജെ പിയുടെ ആവശ്യത്തെ മമത തള്ളി. ബി ജെ പിയുടെ ബംഗ്ലാ ബന്ദിനെയും മമത വിമർശിച്ചു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ഡോക്ടറുടെ കൊലപാതകത്തിൽ നടത്തിയ പ്രതിഷേധത്തിൽ പോലീസ് നടപടിയുണ്ടായതിനെതിരെയാണ് ബി ജെ പി ബന്ദ് നടത്തുന്നത്.