
ന്യുഡൽഹി: എം.ബി.ബി.എസ്. വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാത്രി വൈകി പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമർശം.
"രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെൺകുട്ടിയെ വനമേഖലയ്ക്ക് അടുത്തേക്ക് പോകാൻ അനുവദിച്ചത്?" എന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതർ കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
"എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ബംഗാളിലേത് മാത്രം പർവതീകരിക്കരുത്," എന്നും മമത ബാനർജി കൂട്ടിച്ചേർത്തു . സ്വകാര്യ മെഡിക്കൽ കോളേജുകൾ രാത്രി വൈകി പെൺകുട്ടികളെ പുറത്ത് പോകാൻ അനുവദിക്കരുത് എന്നും അവർ നിർദേശിച്ചു.
അതേസമയം , മമത ബാനർജിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി. ശക്തമായി രംഗത്തെത്തി. മമതയുടെ പ്രസ്താവന അപമാനകരമാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.
ബംഗാൾ കൂട്ട ബലാത്സംഗം: എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഒഡീഷ വനിതാ കമ്മീഷൻ മേധാവി
ഭുവനേശ്വർ: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ സംസ്ഥാനത്തെ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഒഡീഷ സംസ്ഥാന വനിതാ കമ്മീഷൻ (OSCW) ചെയർപേഴ്‌സൺ സോവന മൊഹന്തി ഞായറാഴ്ച ആവശ്യപ്പെട്ടു.(Odisha women commission chief on Bengal gang rape case)
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ജലേശ്വർ സ്വദേശിനിയായ യുവതി പശ്ചിമ ബംഗാളിലെ പശ്ചിം ബർധമാൻ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാമ്പസിന് പുറത്ത് ചില പുരുഷന്മാർ അവരെ കൂട്ടബലാത്സംഗം ചെയ്തു.പശ്ചിമ ബംഗാൾ പോലീസ് ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒഡീഷയ്ക്ക് മാത്രമല്ല, മുഴുവൻ രാജ്യത്തിനും ഇത് ദുഃഖകരമായ സംഭവമാണെന്ന് മൊഹന്തി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.