കൊൽക്കത്ത: കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി ലക്ഷ്യംവെയ്ക്കുന്നുവെന്നും ഇതിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത ഹൈക്കോടതിയിൽ നടന്ന ഔദ്യോഗിക ചടങ്ങിനിടെയായിരുന്നു ചീഫ് ജസ്റ്റിസിനെ സാക്ഷിയാക്കി മമതയുടെ തുറന്നുപറച്ചിൽ.(Mamata Banerjee tells Supreme Court Chief Justice to protect people from central agencies)
കേന്ദ്ര ഏജൻസികൾ പലരെയും തെറ്റായി ലക്ഷ്യംവെയ്ക്കുകയാണെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഇടപെടണമെന്നും മമത ആവശ്യപ്പെട്ടു. ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മമത പരോക്ഷമായി സൂചിപ്പിച്ചു. നീതിന്യായ വ്യവസ്ഥയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് ഐ.ടി സെൽ മേധാവി പ്രതീക് ജയിനിന്റെ വസതിയിലും ഓഫീസിലും ഇ.ഡി നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതിയിൽ നിന്ന് കഴിഞ്ഞ ദിവസം കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.